തിരുവനന്തപുരം
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിനുമുമ്പ് കൊടുത്തുതീർക്കും. എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം ഉറപ്പാക്കും. തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ച പ്രധാന വിഷയങ്ങളിലും തീരുമാനമായി. മാറ്റിനിർത്തിയ ദിവസവേതനക്കാർക്ക് ജോലി നൽകും. മെക്കാനിക്കൽ–-മിനിസ്റ്റീരിയൽ ജീവനക്കാരെ പുനർവിന്യസിക്കും. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് താൽക്കാലിക മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കും. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ബാറ്റ, ഇൻസെന്റീവ് തുടങ്ങിയവ ബാങ്ക് അക്കൗണ്ടിലേക്ക് അതത് ദിവസം നൽകും. ഇതിന് എല്ലാ യൂണിറ്റിലും അധികാരികൾ അക്കൗണ്ട് ആരംഭിക്കും. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. റൊട്ടേഷൻ വ്യവസ്ഥയിൽ സോണൽ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്ആർടിസിയിൽ കാര്യങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും. കഴിവുറ്റ ഉദ്യോഗസ്ഥരെ സോണൽ ഓഫീസ് മേധാവിമാരാക്കും. മെക്കാനിക്കൽ വർക്ക്ഷോപ്പുകളിൽ പുതുക്കിയ വർക്ക് നോംസ് ഘട്ടംഘട്ടമായി നടപ്പാക്കും.
കെഎസ്ആർടിസിയെ പൊതുമേഖലയിൽത്തന്നെ നിലനിർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ യൂണിയൻ പ്രതിനിധികൾ പ്രശംസിച്ചു. മുഖ്യമന്ത്രി മുന്നോട്ടുവച്ച പരിഹാരനിർദേശങ്ങളെയും അവർ സ്വാഗതം ചെയ്തു. ഉന്നയിച്ച പ്രശ്നങ്ങൾക്ക് ചർച്ചയിൽ പരിഹാരമായതോടെ സിഐടിയു 89 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. സെക്രട്ടറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ഗതാഗതമന്ത്രി ആന്റണി രാജു, കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ എന്നിവരും പങ്കെടുത്തു.
സർക്കാർ സഹായം ഒന്നിനുതന്നെ നൽകും: മുഖ്യമന്ത്രി
കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്ന സഹായം ഒന്നാംതീയതിതന്നെ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഞ്ചിനുമുമ്പ് ബോർഡ് ശമ്പളം നൽകണം. ഓരോ ഡിപ്പോയിലും 10 മുതൽ 20 ബസിന്റെ പരിപാലനത്തിന് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയും സർവീസ് ഓപ്പറേഷന് നിശ്ചിത ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഒരു ടീമായി ചുമതലപ്പെടുത്തും. പരാതികൾ പരിഹരിക്കാനുള്ള അഡ്വൈസറി ബോർഡിൽ മാനേജ്മെന്റ്, ജീവനക്കാർ, യാത്രക്കാർ, നിയമസഭാ പ്രാതിനിധ്യമുള്ള പാർടി എന്നിവരുടെ പ്രതിനിധികളുണ്ടാകും.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ആദ്യഘട്ടം സിംഗിൾ ഡ്യൂട്ടി നടപ്പാക്കും. പരിഷ്കാരങ്ങളിലൂടെ ദിവസം 600 മുതൽ 800 വരെ ബസ് ഓപ്പറേറ്റ് ചെയ്യാനാകും. 25 കോടി രൂപവരെ പ്രതിമാസം അധിക വരുമാനമുണ്ടാകും. പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്നുമുതൽ മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.