തിരുവനന്തപുരം> 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത് കെഎസ്ആര്‍ടിസി അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നുതായി മുഖ്യമന്ത്രി പിണറായി വിജയന്.യുഡിഎഫ് സര്‍ക്കാരിന്റെ നയമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്കാന് കഴിഞ്ഞിരുന്നില്ല. പെന്ഷന് മുടങ്ങി. പെന്ഷന് ലഭിക്കാത്തതില്‍ നിരാശനായ ഒരു മുന്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തു.സ്ഥാപനത്തിന്റെ വസ്തുവകകള്‍ പണയപ്പെടുത്തി കടമെടുത്താണ് ഓരോ മാസത്തെയും ആവശ്യങ്ങള്‍ നിറവേറ്റിപ്പോന്നത്. കെടിഡിഎഫ്സി (കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന്), ഹഡ്കോ, വിവിധ ജില്ലാ സഹകരണ ബാങ്കുകള്‍, എല്‍ഐസി, പവര്‍ ഫിനാന്‍സ് കോര്പറേഷന്, തുടങ്ങി കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി. 16 ശതമാനം വരെ പലിശയ്ക്കായിരുന്നു ഈ വായ്പകള്‍ വാങ്ങിയത്. ഈ കടങ്ങള്‍ എല്ലാം കൂടി 3100 കോടി രൂപയിലെത്തി.
പ്രതിദിന വരുമാനത്തില്‍ നിന്ന് തിരിച്ച് പിടിക്കുംവിധം ”എസ്ക്രോ” സംവിധാനത്തിലാണ് വായ്പയുടെ കരാര്‍ ഉണ്ടാക്കിയിരുന്നത്.ഒരു ദിവസം ശരാശരി 5 കോടി വരുമാനം ലഭിക്കുമ്പോള്‍, മൂന്ന് കോടി രൂപ വായ്പ തിരിച്ചടവിലേക്ക് പോയി. ബാക്കി രണ്ട് കോടി മാത്രമേ ഹെഡ് ഓഫീസില്‍ എത്തിയിരുന്നുള്ളു. ഈ തുക ഡീസല്‍ അടിക്കാനുള്ള ചെലവിന് പോലും തികയുമായിരുന്നില്ല. ശമ്പളം, പെന്ഷന്. സ്പെയര്‍പാര്‍ട്ട്സ്, ടയര്‍ തൂടങ്ങി എല്ലാറ്റിനും വീണ്ടും കടമെടുക്കേണ്ടി വന്നു. ഒരിടത്ത് നിന്നും കടം ലഭിക്കാത്ത സാഹചര്യം വന്നപ്പോള്‍ ജീവനക്കാരുടെ ശമ്പളം, പെന്ഷന് എന്നിവ മുടങ്ങി. ഓയില്‍ കമ്പനികള്‍ ഡീസല്‍ കടമായി നല്‍കുന്നത് നിര്‍ത്തി.
2016-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എസ്.ആര്.ടി.സിയുടെ പരിതാപകരമായ അവസ്ഥ ഇതായിരു
പെന്ഷന്
1984-ല്‍ ആണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്ഷന് അനുവദിച്ചത്. രാജ്യത്ത് മറ്റൊരു റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലും സ്റ്റാറ്റിയൂട്ടറി പെന്ഷന് ഇന്നേവരെ നടപ്പാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ കമ്പനികളിലും സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലവിലില്ല. പ്രോവിഡന്റ് പെന്ഷന് പദ്ധതിയാണ് നിലവിലുള്ളത്. അതാവട്ടെ തുച്ഛമായ തുകയാണ്. തൊഴിലാളികള്‍ അടയ്ക്കുന്ന വിഹിതവും കൂടിചേര്‍ന്നാണ് പി.എഫ് പെന്ഷന് പദ്ധതി. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കെഎസ്ആര്‍ടിസിയിലെ പെന്ഷന് പദ്ധതി.
1984-ല്‍ ഒരു വര്‍ഷം പെന്ഷന് വിതരണത്തിന് രണ്ട് കോടി രൂപ മതിയായിരുന്നു. 2016 ല്‍ പെന്ഷന് നല്കാന് ഒരു ദിവസം 2 കോടി രൂപ വേണം. റവന്യു വരുമാനത്തില്‍ നിന്നും ഈ തുക കണ്ടെത്തുക അസാധ്യമായിരുന്നു. സ്ഥാപനം കടക്കെണിയിലായതോടെ 2013-ല്‍ തുടര്‍ച്ചയായി പെന്ഷന് മുടങ്ങി. 2014 ഡിസംബറില്‍ കെ.എസ്.ആര്.ടി എംപ്ലോയീസ് അസോസിയേഷന് (സിഐടിയു) നടത്തിയ അനിശ്ചിതകാല സമരത്തിന്റെ ഫലമായി പെന്ഷന് ബാദ്ധ്യതയുടെ 50 ശതമാനം (പരമാവധി 20 കോടി രൂപ) സര്‍ക്കാര്‍ നല്‍കുമെന്ന തീരുമാനമുണ്ടായി.
സാമ്പത്തിക പ്രതിസന്ധി മൂലം ബാക്കി തുക കണ്ടെത്താനോ, പെന്ഷന് കൃത്യമായി നല്‍കാനോ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞില്ല. ഇതാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കെഎസ്ആര്‍ടിസിയുടെ അവസ്ഥ. ഇതെല്ലാം വിസ്മരിക്കുകയും, മറച്ചുവെച്ചുമാണ് ചില സംഘടനകള്‍ പ്രചരണം നടത്തുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍
2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ കെ.എസ്.ആര്.ടി.സി.യെ പുനരുദ്ധരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോര്‍പറേഷന്റെ അവസ്ഥ പഠിച്ച് പുനരുദ്ധാരണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന് പ്രൊഫ. സുശീല്‍ ഖന്നയെ നിയോഗിച്ചു. ആറ് മാസത്തിനകം ഫ്രൊഫ. സുശീല്‍ ഖന്ന പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളും മാനേജ്മെന്റും തൊഴിലാളികളും ചെയ്യേണ്ട കാര്യങ്ങളും അടങ്ങുന്നതായിരുന്നു സുശീല്‍ ഖന്നയുടെ റപ്പോര്‍ട്ട്.
കൂടിയ പലിശയ്ക്ക് എടുത്ത 3100 കോടി രൂപയുടെ വായ്പ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് കുറഞ്ഞ പലിശയുള്ള ദീര്‍ഘകാല വായ്പയാക്കി മാറ്റി. ഇത് മുലം ഒരു ദിവസത്തെ കടം തിരിച്ചടവ് മൂന്ന് കോടി രുപയില്‍ നിന്ന് ഒരു കോടി രൂപയായി കുറഞ്ഞു.
കോര്പറേഷന് ഒരു വര്‍ഷം 730 കോടി രൂപയുടെ ബാദ്ധ്യതയാണ് ഈ ഒറ്റ നടപടിയിലൂടെ കുറഞ്ഞത്.സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പെന്ഷന് വിതരണത്തിന് ബദല്‍ മാര്‍ഗ്ഗം സ്വീകരിച്ചു. ഈ ബാദ്ധ്യത ഇപ്പോള്‍ നിറവേറ്റുന്നത് സര്‍ക്കാരാണ്. കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് മുഴുവന്‍ പെന്‍ഷനും സര്‍ക്കാര്‍ നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ജീവനക്കാരുടെ പെന്ഷന് നല്കുന്ന സഹകരണ ബാങ്കുകള്‍ക്ക് വായ്പയും പലിശയും ചേര്‍ത്ത് സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം 800 കോടി രൂപയുടെ ബാദ്ധ്യതയാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇനിമേലില്‍ എവിടെ നിന്നും കടം എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും, ഓരോ മാസത്തെയും വരുമാനവും ചെലവും തമ്മിലുള്ള അന്തരം സാമ്പത്തിക സഹായമായി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്യുന്നു.
2016-ന് ശേഷം കെ.എസ്.ആര്.ടി.സി.ക്ക് സാമ്പത്തിക സഹായമായി 7366.4 കോടി രുപയും, പദ്ധതി വിഹിതമായി 87.38 കോടി രൂപയും ചേര്‍ത്ത് ആകെ 7454.02 കോടി രൂപ സര്‍ക്കാര്‍ നല്കി. കെ.എസ്.ആര്.ടി.സി.യുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്.രാജ്യത്തെ മറ്റൊരു സംസ്ഥാന സര്‍ക്കാരും ഈ കാലയളവില്‍ ഇത്രയും സഹായം ഒരു റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും നല്‍കിയിട്ടില്ല.
അസാധാരണ സാഹചര്യം
കോവിഡ് മഹാമാരിയും ഇന്ധനവിലവര്‍ദ്ധനവും പ്രതിസന്ധി രുക്ഷമാവുന്നതിന് കാരണമായി. മഹാമാരിയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുകയും വരുമാനം കുത്തനെ ഇടിയാനിടയാക്കുകയും ചെയ്തു. ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെ, ചെലവ് ഗണ്യമായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍ സഹായമുണ്ടായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ പോയതിന്റെ ഒരു കാരണം ഇതാണ്.
ഖന്ന റിപ്പോര്‍ട്ട് പ്രകാരം മാനേജ്മെന്റും തൊഴിലാളികളും നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ പോയതും, പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിക്കാന്‍ ഇടയാക്കി.
സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശമിതായിരുന്നു
മാനേജ്മെന്റ് ഉദ്യോഗസ്ഥന്മാരുടെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കണം. കെ.എസ്.ആര്.സി.യുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതിയാവില്ല. 2016-17 ല്‍ 325 കോടി സര്‍ക്കാര്‍ സഹായം നല്‍കിയിടത്ത് കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് 2021-22ല്‍ 2076 കോടി രൂപ സര്‍ക്കാര്‍ സഹായം നല്കി. എന്നിട്ടും ശമ്പളം പോലും കൃത്യമായി നല്കാന് കഴിയാതെ വരുന്നത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഭാഗം കൂടിയാണ്. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജീവനക്കാരും, മാനേജ്മെന്റ് തലത്തില്‍ ഉദ്യോഗസ്ഥന്മാരും കര്‍ശന നില പാട് സ്വീകരിക്കണം.
കെ. എസ്.ആര്.സി. യുടെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ എല്ലാ ജീവനക്കാരും ആത്മാര്‍ത്ഥമായി ശ്രമിക്കണം.
കെ.എസ്.ആര്.ടി.സി.യെ പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത് വളരെ എളുപ്പമുള്ള കാര്യമല്ല. പൊതുമേഖലയെ തകര്‍ക്കുന്ന ക്രേന്ദ്ര സര്‍ക്കാര്‍ നയത്തോട് ഏറ്റുമുട്ടിയേ ഇത് വിജയിക്കു. ക്രേന്രസര്‍ക്കാര്‍ കൊണ്ടുവന്ന ‘മോട്ടോര്‍ വാഹന നിയമഭേദഗതി’യും ഡീസല്‍-ഓയില്‍ വിലയില്‍ ഉണ്ടായ വിലക്കയറ്റവും ട്രാന്‍സ്പോര്‍ട്ട് മേഖലയെയാകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരളത്തില്‍ അരലക്ഷത്തോളം സ്വകാര്യ ബസുകള്‍ ഓടിയിരുന്നത് പതിനായിരമായി കുറഞ്ഞത് വ്യവസായ പ്രതിസന്ധി മൂലമാണ്. ഒന്നരലക്ഷത്തിലധികം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യകതമാക്കി