വടക്കാഞ്ചേരി> തലയ്ക്ക് മുകളിലൂടെ ചൂളം വിളിച്ചെത്തി തീവണ്ടി, റെയിൽപ്പാളത്തിനിടയിൽ തളർന്ന് വീണ വൃദ്ധക്ക് പുതുജന്മം. എങ്കക്കാട് ഏറത്ത് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ശാന്ത(76)യാണ് തീവണ്ടിക്കടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. മാരാത്ത് കുന്ന് റെയിൽവേ ഗേറ്റിന് സമീപത്താണ് ശാന്ത ട്രെയിനിനടിയിൽപ്പെട്ടത്. തിങ്കൾ പകൽ 12 നാണ് സംഭവം. ഉത്രാളിക്കാവിൽ ക്ഷേത്രദർശനം നടത്തി റെയിൽവേ ട്രാക്കിലൂടെ എങ്കക്കാട്ടുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ശാന്ത.
തളർച്ച അനുഭവപ്പെടുകയും തുടർന്ന് റെയിൽവേട്രാക്കിന് നടുവിലേക്ക് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഷൊർണൂർ ഭാഗത്തേക്ക് പോയിരുന്ന മംഗള എക്സ്പ്രസ് തീവണ്ടിയുടെ എൻജിനും രണ്ട് ബോഗികളും കടന്നുപോയി. വയോധിക വീഴുന്നത് കണ്ട ലോക്കോ പൈലറ്റ് അതിവേഗം ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.അപകട വിവരമറിഞ്ഞ മാരാത്ത്കുന്ന് റെയിൽവേ ഗേറ്റ് പരിസരത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും റെയിൽവേ ജീവനക്കാരും ഓടിയെത്തി വയോധികയെ പുറത്തെടുത്തു.
പുറത്തും തലയിലും നിസ്സാര പരിക്കേറ്റ ശാന്തയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടക്കാഞ്ചേരി പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ എം മാധവൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.റെയിൽവേ പൊലീസ് ആശുപത്രിയിലെത്തി ശാന്തയുടെ മൊഴി രേഖപ്പെടുത്തി.