കൊച്ചി> കോര്പ്പറേഷനിലെ നികുതി അപ്പീല് കമ്മിറ്റിയംഗത്തിന്റെ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില് എല്ഡിഎഫ് കൗണ്സിലര് ബിന്ദു മണിക്ക് ജയം. ഇതോടെ എല്ഡിഎഫിന് കമ്മിറ്റിയില് മൂന്ന് അംഗങ്ങളായി.71 കൗണ്സിലര്മാര് വോട്ടു ചെയ്ത തെരഞ്ഞെടുപ്പില് 35 വോട്ട് ബിന്ദു മണിക്ക് ലഭിച്ചു.
യുഡിഎഫ് കൗണ്സിലര് രജനി മണിക്ക് 31 വോട്ടും ബിജെപി കൗണ്സിലര് ടി പത്മകുമാരിക്ക് അഞ്ച് വോട്ടുമാണ് കിട്ടിയത്.സ്ഥിര സമിതി ചെയര്മാന്മാരായ എം എച്ച് എം അഷ്റഫ്, ടി കെ അഷ്റഫ് എന്നിവര് വോട്ടെടുപ്പില് നിന്ന് വിട്ടുനിന്നു.സ്ഥലത്തില്ലാത്തതിനാല് എല്ഡിഎഫ് കൗണ്സിലര് ജോര്ജ് നാനാട്ടിന് വോട്ടെടുപ്പില് പങ്കെടുക്കാനായില്ല.
എല്ഡിഎഫ്- മൂന്ന്, യുഡിഎഫ്- നാല്, ബിജെപി- രണ്ട് എന്നിങ്ങനെയാണ് കമ്മിറ്റിയിലെ കക്ഷിനില.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് ബിജെപി അംഗം ടി പത്മകുമാരിക്ക് കൗണ്സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതോടെയാണ് നികുതി അപ്പീല് സമിതിയില് ഒഴിവുവന്നത്.
ബിജെപിയിലെ പ്രിയ പ്രശാന്താണ് നികുതി അപ്പീല് സമിതി അധ്യക്ഷ. അഞ്ചംഗങ്ങളുടെ പിന്തുണയുണ്ടെങ്കില് മാത്രമേ അധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാകൂ.