കാഞ്ഞങ്ങാട്> ഓണാവധിക്ക് ഒരുദിവസം കാഞ്ഞങ്ങാട്ട് കറങ്ങിയാലോ? നഗരത്തിനടുത്ത്തന്നെയാണ് നിത്യാനന്ദ കോട്ടയും ആനന്ദാശ്രമവും. ബസ് സ്റ്റാൻഡിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയാണ് നിത്യാനന്ദാശ്രമവും കോട്ടയും. സ്വാമി നിത്യാനന്ദയാണ് ഈ ആശ്രമം സ്ഥാപിച്ചത്. ഇവിടെ 45 ഗുഹകളുമുണ്ട്. ഈ ഗുഹയിൽ പോയിരിക്കാം. 1963-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമിച്ച ക്ഷേത്രവും കാണാം. സ്വാമി നിത്യാനന്ദയുടെ പഞ്ചലോഹത്തിൽ നിർമിച്ച പൂർണകായ പ്രതിമയുമുണ്ട്. സ്വാമി ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ.
അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ആനന്ദാശ്രമം മാവുങ്കാലിനടുത്താണ്. സ്വാമി രാംദാസാണ് സ്ഥാപിച്ചത്. നഗരത്തിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരം വരും. പ്രധാന ആശ്രമവും മറ്റ് കെട്ടിടങ്ങളും പ്രശാന്തമായ മാന്തോപ്പുകൾക്കും തെങ്ങിൻതോപ്പുകൾക്കും തോട്ടങ്ങൾക്കും ഇടയിലാണ്. ആശ്രമത്തിന് കിഴക്കായി മഞ്ഞംപൊതിക്കുന്നുമുണ്ട്. ഈ കുന്നിൽ നിന്ന് പടിഞ്ഞാറുവശത്തുള്ള പ്രകൃതിസൗന്ദര്യത്തിന്റെ കാഴ്ച ലഭിക്കുന്നു. ആനന്ദാശ്രമത്തിൽ വിദേശികളടക്കം പതിവായി എത്താറുണ്ട്.