തിരുവനന്തപുരം> രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണനെ നിയമിച്ചതിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. കെ സുരേന്ദ്രന്റെ മകന്റെ യോഗ്യതയായ ബി ടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം ഒഴിവ് സൃഷ്ടിച്ചാണ് ജോലിയിലേക്ക് നിയമനം നടത്തിയത്.
മറ്റ് ഒഴിവുകളുടെ കൂട്ടത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകനുവേണ്ടി മാത്രം ഒരു തസ്തിക സൃഷ്ടിച്ച് പരീക്ഷയും അഭിമുഖവും നടത്തി മറ്റ് ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയിൽ ആർജിസിബി ചെയ്തത്. പൊതുപണം ബിജെപി നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങി ധൂർത്തടിക്കാൻ വിട്ടുകൊടുക്കില്ലെന്നും നിയമനത്തെ സംബന്ധിച്ച ദുരൂഹതയിൽ വിശദഅന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.