തിരുവനന്തപുരം/ കൊച്ചി
ഓണത്തിന് കെഎസ്ആർടിസിക്ക് 50 കോടി രൂപ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ധനസംബന്ധമായ ഉത്തരവാദിത്വ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കാര്യമറിയിച്ച് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി.
കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ, ആഗസ്തിലെ മൂന്നിലൊന്ന് ശമ്പളം പണമായി നൽകാൻ ഹൈക്കോടതി വ്യാഴാഴ്ച നിർദേശിച്ചു. മൂന്നിൽ രണ്ടുഭാഗം സർക്കാർ സ്ഥാപനങ്ങളായ കൺസ്യൂമർഫെഡ്, മാവേലിസ്റ്റോർ, ഹോർട്ടികോർപ് എന്നിവിടങ്ങളിലേക്ക് ക്രെഡിറ്റ് കൂപ്പണുകളായും നൽകണം. ഓണത്തിനുമുമ്പ് ശമ്പളവും ബോണസും നൽകാൻ 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ശമ്പളം നൽകാൻ 75 കോടി വേണമെന്നും കുറച്ചു പണം കൈവശമുണ്ടെന്നും കെഎസ്ആർടിസി അറി യിച്ചു.