തിരുവനന്തപുരം
കേരളത്തിലെ സർവകലാശാലകളെ മികവിലേക്ക് നയിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. 2022ലെ കേരള സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മികച്ച വിസിമാരെ തെരഞ്ഞെടുക്കാൻ പ്രാപ്തമാക്കുന്ന ഭേദഗതികളാണ് കൊണ്ടുവന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച വിസിമാരെല്ലാം ഉന്നത അക്കാദമിക നിലവാരം പുലർത്തുന്നവരായിരുന്നു. പാർടി ജില്ലാ കമ്മിറ്റി അംഗത്തെ വിസിമാരാക്കാനല്ല എൽഡിഎഫ് ശ്രമിച്ചിട്ടുള്ളത്. വിസി കാണാൻ വരാമെന്നു പറഞ്ഞപ്പോൾ അങ്ങോട്ടുവന്ന് കാണാമെന്നാണ് ഇ എം എസ് പറഞ്ഞത്.
എന്നാൽ, യുഡിഎഫ് നിയമിച്ച വിസി പാണക്കാട്ട് പോയി അനുഗ്രഹം വാങ്ങി. ജോൺ മത്തായിയെ വിസിയായി നിയമിച്ച പാരമ്പര്യമാണ് എൽഡിഎഫ് പിന്തുടരുന്നത്.
ബിൽ ഒളിച്ചു കടത്തിയതല്ല, തുറന്നുവച്ച നിയമസഭയിലാണ് കൊണ്ടുവന്നത്. പൊതുമണ്ഡലത്തിലും ഏറെ ചർച്ചയായി. രാജ്യമറിയുന്ന അക്കാദമിക് വിദഗ്ധനെയാണ് കണ്ണൂർ സർവകലാശാലയിൽ വിസിയാക്കിയത്. അദ്ദേഹത്തെക്കുറിച്ചുള്ള പ്രതിപക്ഷ പരാമർശം ഖേദകരമാണ്.
ചാൻസലറുടെ ഒരു അവകാശവും വെട്ടിച്ചുരുക്കിയിട്ടില്ല. സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളുള്ളത് അഞ്ചാക്കിയത് മികവാർന്ന തെരഞ്ഞെടുപ്പ് ഉറപ്പാക്കും. യുജിസി റെഗുലേഷൻ അനുസരിച്ചാണ് ഭേദഗതി. കോടിതിയിൽ പോകും എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. മുമ്പ് പോയപ്പോഴുള്ള അനുഭവം എല്ലാവർക്കും അറിയാമെന്നും മന്ത്രി പറഞ്ഞു.