ന്യൂഡൽഹി
വീട്ടുജോലിക്കാരിയെ മനുഷ്യത്വഹീനമായി പീഡിപ്പിച്ച ജാർഖണ്ഡിലെ ബിജെപി വനിതാ നേതാവ് സീമ പത്രയ്ക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് സിഐടിയു. ദേശീയ മനുഷ്യാവകാശ കമീഷൻ, പട്ടികജാതി–-പട്ടികവർഗ കമീഷൻ, വനിത കമീഷൻ എന്നിവ സ്വമേധയാ കേസെടുക്കണം. സുനിതയെ പുനരധിവസിപ്പിക്കണം.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പരിപാടിയുടെ സംസ്ഥാന കൺവീനറുടെ കുറ്റകൃത്യം സ്ത്രീഅവകാശസംരക്ഷണത്തിൽ ബിജെപിയുടെ സംഭാവന അധരവ്യായാമംമാത്രമെന്ന് വ്യക്തമാക്കുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ഈ സംഭവം നടന്നതെന്നത് ഭരണഘടനവ്യവസ്ഥകൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ എത്ര നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും വെളിപ്പെടുത്തി.
സുനിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വീട്ടുജോലിക്കാർക്കായി സമഗ്ര നിയമനിർമാണം ആവശ്യപ്പെട്ടും തൊഴിലാളികള്‍ രംഗത്തിറങ്ങാന്‍ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ആഹ്വാനം ചെയ്തു.