കൊച്ചി> ലൈംഗികപീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ച ജഡ്ജി, സ്ഥലംമാറ്റത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റം സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളിയ ജസ്റ്റിസ് അനു ശിവരാമൻ, കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജിയായിരുന്ന കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിൽ അപാകമൊന്നുമില്ലെന്ന് വ്യക്തമാക്കി. സ്ഥലംമാറ്റത്തിന് മുൻകൂർ അനുമതി വേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
രജിസ്ട്രാറുടെ വിശദീകരണം കണക്കിലെടുത്താണ് ഉത്തരവ്. ലേബർ കോടതി ജഡ്ജിപദവി ഡെപ്യൂട്ടേഷൻ തസ്തികയല്ലെന്നും മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും രജിസ്ട്രാർ അറിയിച്ചിരുന്നു. ജില്ലാ ജഡ്ജിയായി മൂന്നുവർഷം പൂർത്തിയാകുംമുമ്പാണ് സ്ഥലംമാറ്റമെന്നും അടുത്ത മെയ് മുപ്പത്തൊന്നിനാണ് വിരമിക്കുന്നതെന്നും അന്നുവരെ കോഴിക്കോട് സെഷൻസ് ജഡ്ജിയായി തുടരാൻ ചട്ടപ്രകാരം അവകാശമുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു.സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലെ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനുപിന്നാലെയായിരുന്നു സ്ഥലംമാറ്റം.