തലശേരി> കാലാനുസൃതമായ മാറ്റമാണ് ലോകായുക്ത നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമം നടപ്പാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിയമത്തിൽ ദൗർബല്യമുണ്ടെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചതാണ്. അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെയുള്ള നിയമവിദഗ്ധരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് നിയമം ഭേദഗതി ചെയ്തത്. ലോകായുക്ത നിയമഭേദഗതിയിൽ അനന്തമായി ഒപ്പിടാതിരിക്കാൻ ഗവർണർക്ക് സാധിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐ കണ്ണൂർ ജില്ല സമ്മേളന നഗരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐ ഇടതുമുന്നണിയുടെ ഭാഗമായതെന്ന് കാനം പറഞ്ഞു. ആ രാഷ്ട്രീയത്തിൽ നിന്ന് തിരിച്ചുപോകും വരെ ഞങ്ങൾ ഇതിന്റെ ഭാഗമായി ശക്തായി മുന്നോട്ട് പോകും. ആരൊക്കെ എന്ത് ശ്രമം നടത്തിയാലും ഞങ്ങളെ ഭിന്നിപ്പിക്കാനാവില്ല. ഇടതുപക്ഷ നയം ഉയർത്തിപിടിക്കുക എന്നത് എൽഡിഎഫിനെതിരെ പറയുന്നതല്ല. മുന്നണിക്കുള്ളിൽ ഞങ്ങൾക്ക് പറയാനുള്ളത് പറയും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സപിഐ– സിപിഐ എം നേതാക്കൾ ചർച്ച നടത്താറുണ്ട്. അഭിപ്രായം അവിടെ പറയും. ഒരു കാര്യവും പുറത്തുപറയാറില്ല. അതിനാരും ശ്രമിക്കുകയും വേണ്ട.
സെറ്റ് ചെയ്ത അജണ്ടയുടെ ഭാഗമായാണ് സിപിഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഒരേ രൂപത്തിലുള്ള വാർത്തവരുന്നത്. ചില മാധ്യമങ്ങൾ വാർത്ത കെട്ടിച്ചമച്ച് അവതരിപ്പിക്കുകയാണ്. ചില ബുദ്ധികേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. അത് മാധ്യമപ്രവർത്തകരോ പാർടി ശത്രുക്കളോ ആവാം. എറണാകുളം ജില്ല സമ്മേളനത്തിൽ ചർച്ച ആരംഭിച്ചത് നാല് മണിക്കാണ്. മൂന്ന് മണിയുടെ ചാനൽ വാർത്തയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമെന്ന വാർത്ത വന്നത്. ഇത് കെട്ടിച്ചമച്ചതല്ലാതെ മറ്റെന്താണ്. മാധ്യമത്തിന്റെ വിശ്വാസ്യത നിലനിർത്താൻ സമയമെങ്കിലും നോക്കണ്ടേ. മാധ്യമപ്രവർത്തനത്തിന്റെ ബാലപാഠം പഠിക്കാത്തവർ ഈ പണിചെയ്താൽ നമ്മക്ക് ഒന്നും ചെയ്യാൻ പറ്റില്ല. സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും കാനം പറഞ്ഞു.