കോട്ടയം> പ്രശസ്ത സാമൂഹിക പ്രവർത്തക മേരി റോയി (89) അന്തരിച്ചു. തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിൻതുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് മേരി റോയി ശ്രദ്ധേയയായത്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.
പി വി ഐസക്കിന്റെ മകളായി 1933ലാണ് മേരി റോയിയുടെ ജനനം. കോട്ടയത്തെ ആദ്യ സ്കൂളുകളിലൊന്നായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയാണ്. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി.
തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തിനെതിരെ കേസ് നടക്കുന്നതിനിടയിൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്ക് 1966 ൽ ഇഷ്ടദാനമായി നൽകിയിരുന്നു. ആ വീട് വിറ്റ് 1967 ൽ കോട്ടയത്ത് കോർപ്പസ് ക്രിസ്റ്റി ഹൈസ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്കൂളിന്റെ നിർമ്മാണ ചുമതല.
തുടക്കത്തിൽ, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ ഏഴുപേരാണ് സ്കൂൾ നടത്തിപ്പിൽ ഉണ്ടായിരുന്നത്. സ്കൂൾ കോമ്പൗണ്ടിലെ കോട്ടേജിൽ തന്നെ താമസിച്ചായിരുന്നു അക്കാലത്ത് ഇവർ സ്കൂൾ കാര്യങ്ങൾ നടത്തിയിരുന്നത്. ഇന്ന് പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്ന സ്കൂളിന്റെ പ്രധാനാദ്ധ്യാപികയും മേരിതന്നെയാണ്.