തിരുവനന്തപുരം
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്ന സന്ദേശം ലോകത്തെ അറിയിക്കാൻ കൂട്ടായി പ്രയത്നിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്ത് എല്ലാ രംഗത്തും നിക്ഷേപാനുകൂലമായ വലിയ മാറ്റമുണ്ട്. എന്നാൽ, ഒറ്റപ്പെട്ട സംഭവങ്ങളിൽ തെറ്റായ ചർച്ചകൾ ഉയർത്തിവിടാനാണ് ശ്രമം. സംരംഭകർക്ക് വലിയആത്മവിശ്വാസം നൽകുന്ന മാറ്റങ്ങൾ പൊതുചർച്ചയിലേക്ക് വരുന്നില്ല.
രാജ്യചരിത്രത്തിൽ ആദ്യമായി, തദ്ദേശീയ വിമാന വാഹിനി കപ്പൽ നിർമാണം കൊച്ചി കപ്പൽശാലയിൽ പൂർത്തിയായി. ഈ സംരംഭത്തിന് കേരളത്തിൽ ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കപ്പൽശാല സിഎംഡി മധു നായർ പ്രതികരിച്ചു. ഇത് ചർച്ചയായില്ല. കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കുന്ന ഹബ്ബായി കേരളത്തെ മാറ്റുമെന്നാണ് കപ്പൽശാല സിഎംഡി പ്രഖ്യാപിച്ചത്. വെല്ലിങ്ടൺ ഐലന്റിൽ 900 കോടി രൂപ നിക്ഷേപത്തിൽ അറ്റകുറ്റപ്പണി കേന്ദ്രവും ആരംഭിക്കുന്നു.
ബിപിസിഎല്ലിന്റെ 12,000 കോടി രൂപയുടെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തൊഴിലാളി സംഘടനകൾ പൂർണ പിന്തുണ അറിയിച്ചു. നിശ്ചയിച്ച സമയത്തിനുമുമ്പേ പ്രവൃത്തികൾ സാധ്യമാക്കി. നിക്ഷേപം സുഗമമാക്കൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇരുപത്തിയെട്ടിൽനിന്ന് പതിനഞ്ചിലേക്ക് എത്തിയതും ആരും ചർച്ച ചെയ്തില്ല. ഏഷ്യയിലെ ഏറ്റവുംകൂടുതൽ കൃത്രിമ പല്ല് ഉണ്ടാക്കുന്ന കമ്പനി കേരളത്തിലാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് ഉൽപ്പാദിപ്പിക്കുന്ന ഏറ്റവുംവലിയ കമ്പനിയും ഇവിടെയാണ്. ലോകത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമാണ കമ്പനി പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണ്. ഇക്കാര്യങ്ങൾക്കൊന്നും വലിയ പൊതുശ്രദ്ധ ലഭിക്കുന്നില്ലെന്നത് പരിതാപകരമാണെന്നും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.