തിരുവനന്തപുരം
ഒരേസമയം വില്ലനായും മാലാഖയായും വിലയിരുത്തപ്പെട്ട നേതാവായിരുന്നു സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് എന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കരുതലില്ലായ്മമൂലം തെറ്റായ രാഷ്ട്രീയത്തിലൂടെ സോവിയറ്റ് യൂണിയന്റെ പതനത്തിനു കാരണമായി എന്ന പേരിലായിരിക്കും സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുടെ മുൻ ജനറൽ സെക്രട്ടറി ഓർമിക്കപ്പെടുകയെന്നും ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു.
‘നേട്ടങ്ങൾക്കൊപ്പം സോവിയറ്റ് സോഷ്യലിസ്റ്റ് പരീക്ഷണപദ്ധതിയിൽ കടന്നുകൂടിയ വലുതും ചെറുതുമായ പിശകുകൾ തിരുത്തേണ്ടിയിരുന്നു. എന്നാൽ, രോഗം ശമിപ്പിക്കുന്നതിനുപകരം മൂർച്ഛിപ്പിക്കുകയും രോഗിയുടെ അന്ത്യംകുറിക്കുകയും ചെയ്യുന്നിടത്തേക്കാണ് കാര്യങ്ങൾ ചെന്നെത്തിയത്. ബോറിസ് യെൽസിൻ, ഇന്നത്തെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുടങ്ങിയവരടങ്ങുന്ന വലതുപക്ഷ നേതൃത്വത്തിലേക്ക് അദ്ദേഹം രാഷ്ട്രത്തെ ഫലത്തിൽ കൈമാറി.
അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്കുവേണ്ടി ഗോർബച്ചേവ് ബോധപൂർവം ചെയ്തതാണിതെന്ന് പലരും കരുതുന്നു. തെളിവുകളില്ലെന്നും ഗോർബച്ചേവിന്റെ പരിചയക്കുറവിനെയും എടുത്തുചാട്ടത്തെയും ആ നിലയിലേ കാണേണ്ടതുള്ളൂ എന്നും ശക്തമായി വാദിക്കുന്നവരുമുണ്ട്.
എന്തായാലും, മഹത്തായ ഒരു രാഷ്ട്രീയ പരീക്ഷണത്തെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തയാൾ എന്ന നിലയിൽക്കൂടിയായിരിക്കും ചരിത്രം ഗോർബച്ചേവിനെ ഓർക്കുക’–- എം എ ബേബി കുറിച്ചു.