കൊച്ചി > വിഴിഞ്ഞം സമരവിഷയത്തില് സമരക്കാര്ക്കെതിരെ കര്ശന നടപടിയെടുക്കാനാവില്ലെന്ന് സര്ക്കാര്. സമരത്തില് സ്ത്രീകളും കുട്ടികളുമുണ്ട്. പൊലീസിന് സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ട്. വിഴിഞ്ഞം തുറമുഖ നിര്മാണം നിര്ത്താനാവില്ലെന്നും സര്ക്കാര് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പോർട്ട് ട്രസ്റ്റ് ആണ് ഹെെക്കോടതിയെ സമീപിച്ചത്.സമരക്കാരെ ശക്തമായി നേരിടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. തീരശോഷണമെന്ന വാദം അടിസ്ഥാന രഹിതമെന്നും അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഹര്ജിയില് ഹൈക്കോടതിയില് വാദം തുടരുകയാണ്. സമരത്തെ തുടര്ന്ന് തുറമുഖ നിര്മ്മാണം സ്തംഭിച്ചതായാണ് ഹര്ജിക്കാരുടെ വാദം.
വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് ഹൈക്കോടതി കേസ് പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. . പ്രതിഷേധങ്ങൾ പദ്ധതി തടസ്സപ്പെടുത്തിയാകരുതെന്നും പറഞ്ഞിരുന്നു. പദ്ധതി തടസ്സമില്ലാതെ പൂർത്തിയാക്കാൻ കേന്ദ്രസേനയുടെ സഹായം തേടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സേന ആവശ്യമില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
പതിനഞ്ച് ദിവസമായി വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽനിന്ന് ആളെ എത്തിച്ച് സമരം നടക്കുകയാണ്. പദ്ധതി നിർത്തിവയ്ക്കുന്നതൊഴികെ മറ്റെല്ലാ ആവശ്യങ്ങളോടും സർക്കാർ അനുകൂലമായാണ് പ്രതികരിച്ചത്. പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി തീർക്കാമെന്നും സർക്കാർ ഉറപ്പു നൽകി. എന്നാൽ സമരം തുടരുകയാണ്