ന്യൂഡല്ഹി> പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുന് ആസൂത്രണകമീഷന് അംഗവുമായ അഭിജിത് സെന് അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. തിങ്കളാഴ്ച രാത്രി 11മണിയോടെ ഹൃദായാഘാതം ഉണ്ടായതിനെ തുടര്ന്ന് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മന്മോഹന് സിങ് പ്രധാനമന്ത്രി ആയിരുന്ന 2004 -2014 കാലയളവില് ആസൂത്രണ കമീഷനില് അംഗമായി. ന്യൂഡല്ഹിയിലെ ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റിയില് സാമ്പത്തിക ശാസ്ത്ര അധ്യാപകനായും സേവനമനുഷ്ഠിച്ചു. അടല് ബിഹാരി വാജ്പെയുടെ നേതൃത്വത്തിലുള്ള എന്.ഡി.എ സര്ക്കാറിന്റെ കാലത്ത് കമീഷന് ഫോര് കോസ്റ്റ് ഏന്ഡ് പ്രൈസസ് ചെയര്മാനായി സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവില് വിളകള്ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കില് ധാന്യങ്ങള് ജനങ്ങള്ക്ക് നല്കുന്നതിനുമുള്ള പദ്ധതികള് ആവിഷ്കരിച്ചു.
സാമ്പത്തിക വിദഗ്ധയായ ജയന്തി ഘോഷ് ആണ് ഭാര്യ. ‘ദി വയര്’ ഡെപ്യൂട്ടി എഡിറ്റര് ജാഹ്നവി സെന് മകളാണ്.1985ല് ജെഎന്യുവില് എത്തുന്നതിനു മുന്പ് സസക്സ്, ഓക്സ്ഫഡ്, കേംബ്രിജ്, എസെക്സ് സര്വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.