ന്യൂഡൽഹി> കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തട്ടിപ്പാണെന്ന് തുറന്നടിച്ച് മുതിർന്ന നേതാവ് ആനന്ദ് ശർമ. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണ് വോട്ടർപട്ടികയുടെ കാര്യത്തിൽ ശർമ ആക്ഷേപമുയർത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ കോൺഗ്രസ് ഭരണഘടനാപ്രകാരമുള്ള നടപടികൾ പാലിക്കുന്നില്ലെന്ന് ശർമ ചൂണ്ടിക്കാട്ടി. വോട്ടർപട്ടിക തയ്യാറാക്കാൻ എവിടെയും യോഗം ചേർന്നിട്ടില്ല. നിരവധി പരാതികൾ ലഭിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യേണ്ട പ്രതിനിധികളുടെ പട്ടിക പിസിസികൾക്ക് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സംശുദ്ധിയെത്തന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികൾ. വോട്ടർപട്ടിക പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പ് അതോറിറ്റി തയ്യാറാകണം–- ശർമ യോഗത്തിൽ പറഞ്ഞു.
മൽസരിക്കാൻ താൽപ്പര്യപ്പെടുന്ന ആർക്കും പട്ടിക കൈമാറുമെന്ന് യോഗത്തിൽ പങ്കെടുത്ത തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. പിസിസികൾക്കും കൈമാറും. ഒമ്പതിനായിരത്തിലധികം വോട്ടർമാരുണ്ട്. പട്ടികയുടെ പരിശോധന പൂർത്തിയായി–- മിസ്ത്രി പറഞ്ഞു. ഒക്ടോബർ 17നാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീരുമാനിച്ചിട്ടുള്ളത്. ആഗസ്ത് 21നും സെപ്തംബർ 20നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന പ്രവർത്തകസമിതി യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രസിഡന്റാകാൻ രാഹുൽ ഗാന്ധി വിസ്സമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവച്ചത്.