തിരുവനന്തപുരം > ആർഎസ്എസ് ഭീകരതയ്ക്കെതിരെ 31 ന് വൈകീട്ട് അഞ്ചിന് മണികണ്ഠേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധയോഗം സംഘടിപ്പിക്കും. സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ഞായറാഴ്ച മണികണ്ഠേശ്വരത്ത് വച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി അനൂപ് ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരേ ആർഎസ്എസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് പൊതുയോഗം.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപിനും ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് സെക്രട്ടറി അഡ്വ. ആർ അമൽ, പ്രസിഡൻ്റ് എ നിഖിൽ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അർജുൻ രാജ്, നെട്ടയം മേഖലാ പ്രസിഡൻ്റ് നിധിൻ, മേഖലാ കമ്മിറ്റി അംഗം എം ഹരികൃഷ്ണൻ എന്നിവർക്കും ആക്രമണത്തിൽ സാരമായിപരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രിയും ശനിയാഴ്ച്ച രാത്രിയുമായി നെട്ടയം മണികണ്ഠേേശ്വരം പ്രദേശത്ത് വ്യാപകമായി ഡിവൈഎഫ്ഐ കൊടിമരവും പ്രചരണ ബോർഡുകളും ആർഎസ്എസ് നശിപ്പിച്ചിരുന്നു. സംഭവസ്ഥലം സന്ദർശിക്കാനായി ഞായറാഴ്ച്ച ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും പ്രവർത്തകരും എത്തിയപ്പോഴായിരുന്നു അക്രമണം.
മുപ്പതിലധികം പേരടങ്ങുന്ന ആർഎസ്എസ് സംഘമാണ് ആക്രമണം നടത്തിയത്. ഇരുമ്പ് പൈപ്പ്, പട്ടിക, ദണ്ഡ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. പുരോഗമന പ്രസ്ഥാനങ്ങളുടെ ഓഫീസുകൾക്ക് നേരെയും നേതാക്കളുടെ വീടിന് നേർക്കും നടന്ന ആക്രമണത്തിന്റെ തുടർച്ചയായായാണ് ഡിവൈഎഫ്ഐ നേതാക്കൾക്ക്നേരെയും ആക്രണം നടന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള പദ്ധതിയാണിത്. ആർഎസ്എസ് ഭീകരതയ്ക്കെതിരെ ജില്ലയിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.