കൊച്ചി > സംസ്ഥാന സർക്കാർ റേഷൻകട വഴി നൽകുന്ന ഓണക്കിറ്റ് വാങ്ങുന്നവരെ നായ്ക്കളോട് ഉപമിച്ച് കിഴക്കമ്പലത്തെ ട്വന്റി20 ഫെയ്സ്ബുക് പേജിലിട്ട കുറിപ്പിനെതിരെ രോഷപ്രകടനം. രണ്ടു നായ്ക്കളുടെ ചിത്രത്തോടുകൂടിയാണ് പോസ്റ്റ്. സായ്പ് പട്ടിക്ക് സ്വന്തം വാൽ തിന്നാൻ കൊടുത്തതുപോലെയാണ് സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് എന്നാണ് ആക്ഷേപം.
കുറിപ്പിനെതിരെ രോഷം പ്രകടിപ്പിച്ച് നൂറുകണക്കിന് കമന്റുകളാണ് നിറയുന്നത്. പ്രതിഷേധിച്ചവരിൽ ഏറെപ്പേരും ട്വന്റി20 അനുഭാവികളോ പ്രവർത്തകരോ ആണ്. ഓണത്തിന് ആരും പട്ടിണിയാകരുതെന്നതിനാലാണ് സംസ്ഥാനത്തെ എല്ലാവർക്കും സർക്കാർ കിറ്റ് നൽകുന്നതെന്നും അത് വാങ്ങുന്നവരെ പട്ടികളെന്ന് ആക്ഷേപിച്ചത് ശരിയല്ലെന്നുമാണ് കമന്റുകൾ. കുറിപ്പ് പിൻവലിച്ച് ട്വന്റി20 ചെയർമാൻ മാപ്പുപറയണമെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നു.
ഉഷ രാജപ്പൻ കുറിപ്പിനുതാഴെയിട്ട കമന്റിൽ ഇങ്ങനെ: ‘കഷ്ടം എന്നല്ലാതെ ഇതിനൊക്കെ എന്തു പറയാൻ. ഈ പോസ്റ്റ് ഇട്ടവർ ഒരുകാര്യം ഓർക്കുക. നമുക്ക് ചുറ്റും ഒരുപാട് ആളുകൾ ഈ കിറ്റ് കിട്ടാൻ കാത്തിരിക്കുന്നുണ്ട്… ചുറ്റും ഒന്ന് നോക്കുക. നമുക്ക് പറ്റുന്ന തരത്തിൽ നമ്മുടെ സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. നല്ലത് കാണുമ്പോൾ അംഗീകരിക്കാൻ തയ്യാറാകുക…’
‘വിമർശിക്കാം, പക്ഷേ ഇത്രയും തരംതാഴരുത്’ എന്ന കുറിപ്പോടെ പി വി ശ്രീനിജിൻ എംഎൽഎയും കുറിപ്പിനെതിരെ പ്രതിഷേധിച്ചു.