ന്യൂഡൽഹി
പ്രമുഖ നേതാവ് ഗുലാം നബി ആസാദ് പുറത്തുപോയതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശവുമായി കൂടുതൽ നേതാക്കൾ രംഗത്ത്. പെട്ടിചുമന്നു നടക്കുന്നവർക്കാണ് കോൺഗ്രസിൽ പ്രാമുഖ്യമെന്ന് പ്രമുഖനേതാവായ മനീഷ് തിവാരി തുറന്നടിച്ചു. ഇടഞ്ഞുനിൽക്കുന്ന ആനന്ദ് ശർമയടക്കമുള്ള മറ്റ് ചില നേതാക്കൾ കൂടി വരുംദിവസങ്ങളിൽ കോൺഗ്രസ് വിടുകയോ നേതൃത്വത്തിനെതിരെ പരസ്യ വിമർശവുമായി രംഗത്തെത്തുകയോ ചെയ്യുമെന്നും സൂചനയുണ്ട്. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് അറിയാതെ നട്ടം തിരിയുകയാണ് നേതൃത്വം.
ഗുലാം നബി രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പാർടി രൂപീകരിക്കും. ഇതോടെ ജമ്മു കശ്മീരിൽ കോൺഗ്രസ് നാമാവശേഷമാകും. ഡൽഹിയിൽ കൂടിക്കാഴ്ചകളിൽ മുഴുകിയിരിക്കുന്ന ഗുലാം നബി സെപ്തംബർ നാലിന് ജമ്മു കശ്മീരിൽ എത്തും. സുപ്രധാന പ്രഖ്യാപനം ഉടന് ഉണ്ടാകുമെന്ന് ഗുലാം നബിയുടെ അടുത്തബന്ധമുള്ള നേതാവും മുൻമന്ത്രിയുമായ ജി എം സരൂരി പറഞ്ഞു. അടുത്ത വർഷം തുടക്കത്തിൽ ജമ്മു -കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞിരിക്കെ പുതിയ രാഷ്ട്രീയ പാർടിയുടെ വരവ് നിർണായകം.
ഗുലാം നബിയുടെ നേതൃത്വത്തിലുള്ള പാർടി മതനിരപേക്ഷനയം ഉയർത്തിപ്പിടിക്കുമെന്നും ബിജെപിക്ക് സഹായകമായ നിലപാട് കൈക്കൊള്ളില്ലെന്നും സരൂരി പറഞ്ഞു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അടക്കം നൂറുകണക്കിന് നേതാക്കൾ ഗുലാം നബിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസിൽനിന്ന് രാജിവച്ചു. മുൻ ഉപമുഖ്യമന്ത്രി താരാചന്ദും കോൺഗ്രസിൽനിന്ന് രാജിവച്ചേക്കും.
ജി–-23 സംഘത്തിലെ നേതാക്കൾ ഡൽഹിയിൽ ഗുലാം നബിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ് വിട്ടശേഷവും അദ്ദേഹവുമായി ആശയവിനിമയം തുടരുന്നത് ഹൈക്കമാൻഡിന് ക്ഷീണമാണ്. കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഞായറാഴ്ച പകൽ 3.30ന് ഓൺലൈനായി ചേരും. ചികിത്സാർഥം വിദേശത്തേക്കുപോയ സോണിയ ഗാന്ധിയും അവരെ അനുഗമിച്ച രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ തീയതി നിശ്ചയിക്കാനാണ് യോഗം. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഇനിയും നീട്ടാനാണ് സാധ്യത.