റാഞ്ചി> ഝാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎൽഎ പദവിയിൽനിന്ന് അയോഗ്യനാക്കിയേക്കും എന്ന അഭ്യൂഹം നിലനിൽക്കെ സോറന്റെ പാർടിയായ ജെഎംഎമിലേയും ഭരണകക്ഷിയായ കോൺഗ്രസിലേയും എംഎൽമാരെ റിസോർട്ടിലേക്ക് മാറ്റി. ഭരണം പിടിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുന്നത് തടയാനാണ് എംഎൽഎമാരെ മാറ്റിയത്. ഹേമന്ത് സോറന്റെ വസതിയില് യോഗം ചേര്ന്ന ശേഷം മൂന്നു ബസുകളിലായി ചത്തീഡ്ഗണ്ഡിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെ കൊണ്ടുപോയത്.
ബാഗുകള് സഹിതമാണ് ചില എംഎല്എമാര് ഹേമന്ത് സോറന്റെ വസതിയിലെത്തിയതെന്ന് പറയുന്നു. അതേസമയം അനധികൃത ഖനനകേസില് കുറ്റക്കാരനായ ഹേമന്ത് സോറനെ എംഎല്എ പദവിയില് നിന്ന് അയോഗ്യനാക്കണമെന്ന നിര്ദേശത്തില് ഗവര്ണര് ഇന്ന് തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്ഭവന് കൈമാറിയ ഉത്തരവ് ഗസറ്റില് വിജ്ഞാപനം ചെയ്യുന്നതോടെ സോറന് മുഖ്യമന്ത്രി പദവി ഒഴിഞ്ഞേക്കും.സോറനെ അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് എംഎൽഎമാരുടെ യോഗം ചേർന്നത്.
ഹേമന്ദ് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കിയാൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.