കോഴിക്കോട് > മലയാളത്തിന്റെ ജനകീയ പത്രമായ ദേശാഭിമാനിയുടെ എൺപതാം വാർഷികത്തിന് സെപ്തംബർ ആറിന് തുടക്കം. സരോവരം കലിക്കറ്റ് ട്രേഡ് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ മുഖ്യാതിഥിയാവും. 1942ൽ വാരികയായി പ്രവർത്തനം തുടങ്ങിയ ദിനത്തിലാണ് ഒരു വർഷത്തെ വാർഷികാഘോഷത്തിന് തുടക്കംകുറിക്കുന്നത്. ചൊവ്വ പകൽ 2.30ന് കലാപരിപാടികളോടെയാണ് ചടങ്ങ് തുടങ്ങുക. കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദേശാഭിമാനി അവതരണ ഗാനവുമുണ്ടാവും.
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, മന്ത്രി പി എ മുഹമ്മദ് റിയാസ്, ജോൺ ബ്രിട്ടാസ് എംപി, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, എഴുത്തുകാരി പി വത്സല, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, സാമൂഹ്യപ്രവർത്തക ശീതൾ ശ്യാം, മേയർ ഡോ. ബീന ഫിലിപ്പ് തുടങ്ങി സാമൂഹ്യ–-സാംസ്കാരിക–-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ‘ 80 വർഷത്തെ കേരളം, 80 വർഷത്തെ ദേശാഭിമാനി’ എന്ന ചരിത്ര പ്രദർശനവും ആറിന് തുടങ്ങും.
ജനാഭിലാഷങ്ങൾക്കും അവകാശപ്പോരാട്ടങ്ങൾക്കുമൊപ്പം നിലയുറപ്പിച്ച് കേരളത്തിലെ ഒന്നാംനിര പത്രമായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് എൺപതാം വാർഷികം ആഘോഷിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ പ്രമുഖ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ അകം ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും. കോഴിക്കോട് യാസിർ കുരിക്കളും സംഘവും അവതരിപ്പിക്കുന്ന കോൽക്കളി, പീതാംബരൻ പന്തീരാങ്കാവ് അവതരിപ്പിക്കുന്ന തീയാട്ടം എന്നിവയും അരങ്ങേറും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ചെയർമാനും ദേശാഭിമാനി യൂണിറ്റ് മാനേജർ ഒ പി സുരേഷ് ജനറൽ കൺവീനറുമായ സംഘാടകസമിതിയുടെ നേതൃത്വത്തിൽ പരിപാടി ചരിത്രസംഭവമാക്കുന്നതിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്.