കണ്ണൂർ> തടവുകാരുടെ മാനസികാരോഗ്യ പരിപാലനത്തിനായി സംസ്ഥാനത്തെ ജയിലുകളിൽ മാനസികാരോഗ്യകേന്ദ്രം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് ജയിൽവകുപ്പിന്റെ മാനസികാരോഗ്യകേന്ദ്രം ആരംഭിക്കുന്നത്. ജയിൽ അന്തേവാസികളിൽ മനോരോഗത്തിന് ചികിത്സതേടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണിത്.
ജയിലിൽ അക്രമാസക്തരാകുന്നവരുടെയും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെയും എണ്ണം സമീപകാലത്ത് വർധിക്കുകയാണ്. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള സർക്കാർ മാനസികാരോഗ്യകേന്ദ്രങ്ങളിലാണ് നിലവിൽ തടവുകാർ ചികിത്സ തേടുന്നത്. ജയിലിൽ മാനസികാരോഗ്യകേന്ദ്രം സജ്ജമായാൽ തടവുകാരെ പരിപാലിക്കാനാകുമെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.
രണ്ടുകോടി രൂപ ചെലവിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ മാനസികാരോഗ്യകേന്ദ്രം നിർമിക്കുന്നത്. 28 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. ഫാർമസി, ടിവി ഹാൾ എന്നിവ ആശുപത്രിയിൽ സജ്ജമാക്കും. കൗൺസലിങ്ങും ഒരുക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ ആരംഭിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിൽ വൈദ്യുതീകരണമാണ് ബാക്കിയുള്ളത്. സെപ്തംബറിൽ ഉദ്ഘാടനം നടക്കുമെന്ന് ജയിൽ സൂപ്രണ്ട് ആർ സാജൻ പറഞ്ഞു.