മാവേലിക്കര> ആയുധധാരികളായ ആര്എസ്എസുകാര് സ്കൂളില് രാഖി ബന്ധനത്തിനെത്തി സംഘര്ഷം സൃഷ്ടിക്കാന് ശ്രമം. വ്യാഴാഴ്ച രാവിലെ 10ന് മാവേലിക്കര ഗവ. ഗേള്സ് എച്ച്എസ്എസ് കവാടത്തിലാണ് സംഭവം. പ്ലസ് വണ് വിദ്യാര്ഥിനികള്ക്ക് ക്ലാസുകള് ആരംഭിക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐയുടെ നേതൃത്വത്തില് പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു.
മധുരം നല്കിയും മുദ്രവാക്യം മുഴക്കിയും ഉപഹാരങ്ങള് നല്കിയുമാണ് എസ്എഫ്ഐ വിദ്യാര്ഥികളെ സ്വീകരിച്ചത്. എന്നാല് എബിവിപിയുടെയും ആര്എസ്എസിന്റെയും നേതൃത്വത്തില് ഒരു സംഘം രാവിലെ സ്കൂളിന് മുന്നില് കേന്ദ്രീകരിക്കുകയും വിദ്യാര്ഥിനികളുടെ കയ്യില് നിര്ബന്ധപൂര്വ്വം രാഖി കെട്ടുകയും അനുവാദം നല്കാത്ത വിദ്യാര്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു
വിദ്യാര്ഥികള് പരാതിപ്പെട്ടതിനെ തുടര്ന്ന് എസ്എഫ്ഐ ഇത് ചോദ്യം ചെയ്യുകയും ഇവര്ക്ക് സംരക്ഷണം നല്കുകയും ചെയ്തു. ഇതില് പ്രകോപിതരായവര് എസ്എഫ്ഐ പ്രവര്ത്തകരെ അസഭ്യം പറയുകയും ആക്രമിക്കാന് ശ്രമിക്കുകയുമായിരുന്നു. കത്തിയും വടിവാള് അടക്കമുള്ള മാരകയുധങ്ങളുമായാണ് സ്കൂളിന് മുന്നില് സംഘടിച്ചത്.
മാവേലിക്കര പൊലീസ് എത്തി് അക്രമികളെ പിന്നീട് നീക്കം ചെയ്തു
മാവേലിക്കരയിലെ സ്കൂളുകളില് എസ്എഫ്ഐ സജീവമായി പ്രവര്ത്തിക്കുന്നതില് വിറളി പൂണ്ട എബിവിപി- ആര്എസ്എസ് ക്രിമിനലുകള്, സമാധാനാന്തരീക്ഷം തകര്ക്കാന് നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഉദാഹരണമാണ് ഇപ്പോള് കണ്ടതെന്നും വിദ്യാര്ഥി സമൂഹം ഇവരെ ഒറ്റപ്പെടുത്തി ചെറുത്തു തോല്പ്പിക്കണമെന്നും എസ്എഫ്ഐ മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില് അറിയിച്ചു. സ്കൂളില് കലാപം സൃഷ്ടിക്കാന് ശ്രമിച്ച ആര്എസ്എസുകാരെ ഉടന് അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനന് പ്രസ്താവനയില് ആവശ്യപ്പെട്ടു.
എസ്എഫ്ഐ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് മാവേലിക്കരയില് നടന്ന പ്രതിഷേധ റാലിയും യോഗവും സംസ്ഥാന വൈസ് പ്രസിഡന്റ് എ എ അക്ഷയ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിലെ സമാധാനം തകര്ക്കാനുള്ള ആര്എസ്എസ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അക്ഷയ് പറഞ്ഞു. മാവേലിക്കര സംഭവത്തില് ഉന്നത പൊലീസ് അധികാരികള്ക്ക് എസ്എഫ്ഐ പരാതി നല്കി.