തിരുവനന്തപുരം
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്ൺകുട്ടിയുടെ പ്രസ്താവനയിൽ വ്യക്തത വരുത്തണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷ(സിഐടിയു)നും ഓഫീസേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സമീപനം കെഎസ്ഇബിയുടെ റവന്യു പ്രവർത്തനങ്ങൾ പുറംകരാർ നൽകുന്നതും വിതരണ മേഖലയുടെ വിഭജനം ലക്ഷ്യംവയ്ക്കുന്നതുമാണ്. വൈദ്യുതി നിയമഭേദഗതിയിലൂടെ മുന്നോട്ടുവയ്ക്കുന്ന സ്വകാര്യവൽക്കരണസമീപനം നടപ്പാക്കാനുള്ള മാർഗമായാണ് സ്മാർട് മീറ്റർ വ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇത് എൽഡിഎഫിന്റെ രാഷ്ട്രീയനിലപാടുകൾക്ക് വിരുദ്ധമാണ്.
റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ വഴി സ്മാർട് മീറ്റർ നടപ്പാക്കുമെന്നാണ് മന്ത്രിയുടെ മറുപടി. കോർപറേഷൻ സ്മാർട് മീറ്റർ നിർമിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നില്ല. ടാറ്റ പവർ, റിലയൻസ് പവർ അടക്കമുള്ള സ്വകാര്യ കമ്പനികൾക്ക് പുറം കരാർ നൽകുന്ന ഏജൻസിയായാണിത് പ്രവർത്തിക്കുന്നത്.
കേന്ദ്രം നിർദേശിക്കുന്ന രൂപത്തിൽ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. വൈദ്യുതിനിയമം ഭേദഗതിചെയ്ത് വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുമ്പോൾ അവർക്ക് പ്രവർത്തിക്കാൻ സൗകര്യം ലഭിക്കാൻ അതിവേഗ സ്മാർട് മീറ്ററുകൾ സ്ഥാപിക്കണമെന്ന കേന്ദ്രസർക്കാർ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുൻചെയർമാൻ സ്മാർട് മീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിൽ ട്രേഡ് യൂണിയനുകളും ഓഫീസർ സംഘടനകളും ആശങ്ക അറിയിച്ചിരുന്നു. ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞെങ്കിലും നടന്നിട്ടില്ല. സ്മാർട് മീറ്റർ പൊതുമേഖലയിൽ കെഎസ്ഇബി തന്നെ നേരിട്ട് നടപ്പാക്കണം. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും ബോർഡിന് നേട്ടവുമുണ്ടാക്കുന്ന പരിഷ്കാരം സ്വാഗതം ചെയ്യും. കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണപദ്ധതി പിൻവാതിലിലൂടെ നടപ്പാക്കുന്നത് എതിർക്കും. എൽഡിഎഫ് നയത്തിനനുസരിച്ച് കെഎസ്ഇബി മുന്നോട്ടുപോകാൻ സർക്കാർ കർശനനിലപാട് സ്വീകരിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.