തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിന്റെ ഭരണനടപടി തടസ്സപ്പെടുത്തുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിയെ സിഐടിയു സംസ്ഥാന കമ്മിറ്റി അപലപിച്ചു. – ഭരണഘടനാതത്വങ്ങൾക്ക് നിരക്കാത്ത ഇത്തരം നടപടികളിൽനിന്ന് ഗവർണർ പിന്തിരിയണമെന്ന് സിഐടിയു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ഗവർണർമാരെ കേന്ദ്രസർക്കാർ ചട്ടുകമാക്കുകയാണ്. ഭരണഘടനയെ ഒട്ടും മാനിക്കാത്ത സംഘപരിവാർ ഇംഗിതത്തിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. ചരിത്രപണ്ഡിതന്മാരായ ഇർഫാൻ ഹബീബ്, കണ്ണൂർ സർവകലാശാലാ വിസി ഗോപിനാഥ് രവീന്ദ്രൻ എന്നിവരെ ഗുണ്ടകൾ എന്നാണ് അദ്ദേഹം വിളിച്ചാക്ഷേപിച്ചത്. ഗവർണർ പദവിക്ക് അപമാനമാണ് ഈ നിലപാട്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ലോകോത്തര വളർച്ച നേടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അതിനെ അട്ടിമറിക്കുന്നത്, സംസ്ഥാനത്തോടുള്ള കടുത്ത അവഹേളനവും കേരളീയ സമൂഹത്തെ പിറകോട്ടടുപ്പിക്കാനുള്ള ശ്രമവുമാണ്. ഹീനമായ ഈ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്തുന്ന ഗവർണറുടെ കുതന്ത്രങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളോടും സിഐടിയു അഭ്യർഥിച്ചു.സിഐടിയു സെന്ററിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം റിപ്പോർട്ട് അവതരിപ്പിച്ചു.