ടോക്യോ
ക്വാർട്ടർ തേടിയുള്ള ഇന്ത്യൻ പോരിൽ മലയാളിതാരം എച്ച് എസ് പ്രണോയിക്ക് ജയം. ഒരുമണിക്കൂറും 15 മിനിറ്റും നീണ്ട ആവേശക്കളിയിൽ കൂട്ടുകാരൻ ലക്ഷ്യ സെന്നിനെ മറികടന്ന് പ്രണോയ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ: 17–-21, 21–-16, 21–-17. ആദ്യ ഗെയിമിൽ പിന്നിട്ടുനിന്നശേഷമായിരുന്നു തിരുവനന്തപുരം സ്വദേശിയായ മുപ്പതുകാരന്റെ തിരിച്ചുവരവ്. സെമി ലക്ഷ്യമിട്ട് ഇന്ന് ചൈനയുടെ സാവോ ജുൻപെങ്ങിനെ നേരിടും.
വനിതകളിൽ സൈന നെഹ്വാൾ പുറത്തായി. തായ്ലൻഡിന്റെ ബുസാനൻ ഓങ്ബാംനഫാനോട് 17––21, 21-–-16, 13––21ന് തോറ്റു. പുരുഷ ഡബിൾസിൽ രണ്ട് ഇന്ത്യൻ ടീമുകൾ അവസാന എട്ടിൽ ഇടംപിടിച്ചു. മലയാളിതാരം എം ആർ അർജുനും ധ്രുവ് കപിലയും മുന്നേറിയപ്പോൾ സ്വർണപ്രതീക്ഷയുള്ള സാത്വിക്സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യവും ജയിച്ചു.
രണ്ടുതവണ ലോകചാമ്പ്യനായ കെന്റോ മൊമൊട്ടയെ മറികടന്നെത്തിയ പ്രണോയിക്ക് ലക്ഷ്യക്കെതിരെ തുടക്കം പതറി. ഒന്നാംഗെയിം നഷ്ടമായെങ്കിലും പിന്നീട് വിട്ടുകൊടുത്തില്ല. കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനും നിലവിലെ ലോക വെങ്കലമെഡൽ ജേതാവുമായ ലക്ഷ്യയ്ക്ക് അവസരം നൽകാതെ കളി പിടിച്ചു. ഈ വർഷം നാലാംതവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ടുവീതം കളിയിൽ ഇരുവരും ജയിച്ചു.
അർജുൻ–-കപില സഖ്യം സിംഗപ്പൂരിന്റെ ടെറി ഹീയെയും ലൊ കീൻ ഹീനിനെയുമാണ് കീഴടക്കിയത് (18-–-21, 21-–-15, 21-–-16). ഇന്ന് ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സൻ–-ഹെൻഡ്ര സെതിവാൻ കൂട്ടുകെട്ടിനെ നേരിടും. സാത്വിക്കും ചിരാഗും ഡെന്മാർക്കിന്റെ യെപ്പ ബേ–-ലാസെ മൊൽദെ സഖ്യത്തെ വീഴ്ത്തി. ക്വാർട്ടറിൽ ജപ്പാന്റെ താകുരോ ഹോകിയെയും -യുഗോ കൊബയാഷിയെും നേരിടും.