ന്യൂഡൽഹി
ഹരിയാനയിലെ ബിജെപി നേതാവും ടെലിവിഷൻ താരവുമായ സൊനാലി ഫോഗട്ടിനെ (42) കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. സോനാലിയുടെ പിഎ സുധീർ സാഗ്വാൻ, സഹായിയായ സുഖ്വീന്ദർ വാസി എന്നിവരെ അറസ്റ്റുചെയ്തു. സൊനാലിയുടെ ശരീരത്തിൽ ഒന്നിലധികം പരിക്ക് ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹരിയാനയിലെ ഹിസാർ സ്വദേശിയായ സൊനാലി, സുധീർ സാഗ്വാൻ, സുഖ്വീന്ദർ വാസി എന്നിവർക്കൊപ്പം ചൊവ്വാഴ്ചയാണ് ഗോവയിൽ എത്തിയത്. ഹോട്ടലിൽവച്ച് ദേഹാസ്വാസ്ഥ്യം തോന്നിയ സൊനാലിയെ ചൊവ്വാഴ്ച രാവിലെ അഞ്ജുനയിലെ സെന്റ് ആന്റണി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും സൊനാലിയുടെ കുടുംബം ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി.
സുധീർ സാഗ്വാനും സുഖ്വീന്ദർ വാസിയും ചേർന്ന് ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് സൊനാലിയുടെ സഹോദരൻ റിങ്കു പരാതിയിൽ പറയുന്നു.