കൊച്ചി > സീറോമലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി. മാനന്തവാടി രൂപത സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപത സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർആർച്ച്ബിഷപ് കർദിനാൾമാർജോർജ് ആലഞ്ചേരി നിയമിച്ചത്. കാക്കനാട് സഭാ ആസ്ഥാനത്തു മുപ്പതാം സിനഡിന്റെ സമാപന ദിവസമായ വ്യാഴാഴ്ചയാണ് ഇവരെ തെരഞ്ഞെടുത്തത്. മെത്രാഭിഷേക തീയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സീറോമലബാർസഭയ്ക്ക് 65 മെത്രാന്മാരായി.
ഫാ. അലക്സ് താരാമംഗലം 1983 ജനുവരി ഒന്നിന് വൈദികനായി. കോട്ടയം വടവാതൂർസെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽഅധ്യാപകൻ, വൈസ് റെക്ടർ, റെക്ടർ എന്നീ നിലകളിലും സേവനം ചെയ്തു. തലശ്ശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു. തലശേരി അതിരൂപതയിലെ മാടത്തിൽഇടവകയുടെ വികാരിയാണിപ്പാൾ. ഫാ. ജോസഫ് കൊല്ലംപറമ്പിൽ1981 ഡിസംബർ18ന് വൈദികനായി. നിലവിൽ ഷംഷാബാദ് രൂപതയിൽഗുജറാത്ത് മിഷൻപ്രദേശത്തിനുവേണ്ടിയിട്ടുള്ള സിഞ്ചെല്ലൂസാണ്.
ഫാ. തോമസ് പാടിയത്ത് ചങ്ങനാശ്ശേരി അതിരുപതാംഗമാണ്. 1994 ൽവൈദികനായി. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർസെമിനാരിയിൽഉൾപ്പെടെ വിവിധ മേജർസെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനായിരുന്നു. നിലവിൽചങ്ങനാശ്ശേരി അതിരൂപതയിലെ സിഞ്ചെല്ലൂസാണ്. പൂർണമായും ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാൻ, പാലാ രൂപത സഹായമെത്രാൻസ്ഥാനത്തുനിന്നുള്ള മാർ ജേക്കബ് മുരിക്കന്റെ രാജി പെർമനന്റ് സിനഡിന്റെ അനുവാദപ്രകാരം മേജർആർച്ച്ബിഷപ് സ്വീകരിച്ചു.