തിരുവനന്തുപരം> മൊബൈല് ഫോണില് സംസാരിച്ച് വാഹനം ഓടിച്ചതിന് സ്വിഫ്റ്റ് ബസും, ഡ്രൈവറും മോട്ടാര് വാഹനവകുപ്പിന്റെ പിടിയില്. ഡ്രൈവര് മൊബൈലില് സംസാരിക്കുന്ന ദൃശ്യങ്ങള് ബസിലെ യാത്രക്കാര് പകര്ത്തുകയും മോട്ടോര് വാഹനവകുപ്പ് എന്ഫോഴ്സ്മെന്റിന് അയച്ചുകൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് നടപടി.
തിരുവനന്തപുരം – കോഴിക്കോട് ബസിലെ ഡ്രൈവര്ക്കെതിരെയാണ് കേസെടുത്തത്. പരിശോധനയില് ഡ്രൈവര് ഫോണ് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡ്രൈവര്ക്കെതിരെ മോട്ടോര്വാഹന നിയമപ്രകാരം കേസ് എടുത്തതായും ഡ്രൈവറുടെ ലൈസന്സ് റദ്ദാക്കുന്നതിനുള്ള നടപടി ശുപാര്ശ ചെയ്തതായും മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര് രാംജി കെ കരണ് അറിയിച്ചു. വെഞ്ഞാറാമൂട് വച്ച് വാഹനം തടഞ്ഞ് മൊബൈല് ഫോണ് പരിശോധിച്ചതുവഴിയാണ് ഡ്രൈവര് കുറ്റം ചെയ്തതായി കണ്ടെത്താനായത്.