കണ്ണൂർ> ഗവർണർ സർവകലാശാലകളുടെ അന്തകനായെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. കണ്ണൂർ സർവകലാശാല സംരക്ഷണക്കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് സർവകലാശാലകൾ നിയമനം നടത്തുന്നത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് ആരും എതിരല്ല. കാരണംകാണിക്കൽ നോട്ടീസ് കൊടുക്കാത്ത ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. ഡൽഹിയിലേക്ക് ഫ്ളൈറ്റ് കയറുന്നതിനുമുമ്പാണ് മാധ്യമങ്ങളോട് നടപടിയെടുക്കുമെന്ന് പറയുന്നത്. മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്തുള്ള പത്രക്കുറിപ്പ് രാജ്ഭവനിൽനിന്ന് പുറത്തിറക്കി.
പൊതുവെ മീഡിയാ മാനിയയുള്ള ചാൻസലർക്ക് ഇപ്പോൾ മനോരോഗംകൂടിയാണ്. മൂന്നുവർഷം മുമ്പ് നടന്ന ചരിത്രകോൺഗ്രസിനെക്കുറിച്ച് പച്ചനുണയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണർ നല്ലബുദ്ധി നഷ്ടപ്പെട്ടോയെന്ന് ആത്മപരിശോധന നടത്തണം. കേന്ദ്രം നിയമിക്കുന്ന ഭരണനിർവഹണ ഉദ്യോഗസ്ഥൻമാത്രമാണ് ഗവർണർ. എല്ലാത്തിനെയും കയറിഭരിക്കാനുള്ള അധികാരമൊന്നുമില്ല. വൈസ് ചാൻസലർക്കെതിരെയുള്ള ആക്ഷേപവും സർവകലാശാലക്ക് അവമതിപ്പുണ്ടാക്കുന്ന പരാമർശവും നിർത്തി ഗവർണർ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കണം.
നിയമപരമായും ഭരണപരമായും പൊതുബോധത്തിന് എതിരായാണ് ഗവർണർ പ്രവർത്തിക്കുന്നത്. രാജ്ഭവനിലെ നിയമനങ്ങളെല്ലാം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണോ. സംഘപരിവാറിലെ എത്രയാളുകൾക്ക് രാജ്ഭവനിൽ ജോലിനൽകിയിട്ടുണ്ടെന്ന് പരിശോധിക്കണം. ജസ്റ്റിസ് പി സദാശിവം ഗവർണറായിരിക്കെയാണ് വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത്. പിന്നീട്, യോഗ്യതകൾ പരിശോധിച്ച് പുനർനിയമനവും നൽകി. ക്രിമിനലാണെന്ന് ആക്ഷേപിച്ച ഗവർണർക്കെതിരെ വിസി മാനനഷ്ടക്കേസ് കൊടുക്കുകയാണ് വേണ്ടതെന്നും എം വി ജയരാജൻ പറഞ്ഞു.
എസ്എഫ്ഐ, എകെപിസിടിഎ, എകെജിസിടി, കെയുടിസി, കെയുഇയു, കെഎൻടിഇഒ, എസ്എഫ്സിടിഎസ്എ എന്നീ സംഘടനകൾ ചേർന്നാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചെറുശേരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ടി കെ പ്രിയ അധ്യക്ഷയായി. സിൻഡിക്കറ്റംഗം എൻ സുകന്യ, വൈഷ്ണവ് മഹീന്ദ്രൻ, കെ സാരംഗ്, ഡോ. ആർ കെ സുനിൽകുമാർ, പ്രത്യുഷ് പുരുഷോത്തമൻ, സി നന്ദനൻ, കെ എസ് സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. സി ടി ശശി പ്രമേയം അവതരിപ്പിച്ചു. എ നിശാന്ത് സ്വാഗതവും പി എം മനോജ്കുമാർ നന്ദിയും പറഞ്ഞു.
കണ്ണൂർ സർവകലാശാലയെ തകർക്കരുത്
വൈസ് ചാൻസലറെ ക്രിമിനലെന്നു വിളിച്ചത് പിൻവലിക്കണമെന്നും കണ്ണൂർ സർവകലാശാലയെ തകർക്കുന്ന നിലപാടിൽനിന്ന് ഗവർണർ പിന്മാറണമെന്നും സർവകലാശാലാ സംരക്ഷണക്കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എകെജിസിടി സംസ്ഥാന സെക്രട്ടറി സി ടി ശശി പ്രമേയം അവതരിപ്പിച്ചു.
25 വർഷം പൂർത്തിയാക്കിയ കണ്ണൂർ സർവകലാശാല വളർച്ചയുടെ ഘട്ടത്തിലാണ്. നാക് ബി പ്ലസ് ഗ്രേഡ് നേടിയതോടൊപ്പം എൻഐആർഎഫിലും അടൽ റാങ്കിങ്ങിലും ഇടംനേടി. രണ്ടുവർഷത്തിനുള്ളിൽ നാക് എ ഗ്രേഡ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ സർവലകലാശാലയിൽ നടക്കുന്നതിനിടെയാണ് അനാവശ്യ വിവാദങ്ങളിലേക്ക് ചാൻസലർ വലിച്ചിഴയ്ക്കുന്നത്. കണ്ണൂർ സർവകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കുന്നതും വളർച്ചയെ ഇല്ലായ്മചെയ്യുന്നതുമായ പ്രവർത്തനങ്ങളിൽനിന്ന് ചാൻസലർ പിന്മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.