തിരുവനന്തപുരം> തദ്ദേശ സ്വയംഭരണ സ്ഥാപന പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും സേവനങ്ങൾ വേഗത്തിലാക്കാനും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘടന സഹായകരമാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വകുപ്പുതലത്തിൽ ഏകോപനം നടത്തുന്ന ജീവനക്കാരും വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടുകിടന്ന അവസ്ഥ അവസാനിക്കുന്നു. നിയമസഭയിൽ കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രാദേശിക വികസനത്തിലും ആസൂത്രണത്തിലും, ദുരന്തനിവാരണം, മാലിന്യസംസ്കരണം തുടങ്ങിയവയിലും യോജിച്ചു പ്രവർത്തിക്കേണ്ട ജീവനക്കാർ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെ കഴിയുന്ന രീതി ഇതോടെ അവസാനിക്കും. ജനകേന്ദ്രീകൃതമായ യോജിച്ച പ്രവർത്തനം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.സംസ്ഥാന തലത്തിൽ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയും ആണ് ഉണ്ടാവുക. വകുപ്പ് അധ്യക്ഷനും ജില്ലാ മേധാവിക്കും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികൾക്ക് മുകളിൽ ഒരധികാരവുമില്ല.
ഓരോ സ്ഥാപനത്തിനും കൂടുതൽ മെച്ചപ്പെട്ട വിധത്തിൽ ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്നതിനുള്ള പൊതുസർവീസാണ് യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിലവിൽ വിവിധ വകുപ്പുകളിലായി പ്രവർത്തിച്ചുവരുന്ന അവസാനത്തെ ജീവനക്കാരനും നിലവിൽ ലഭിച്ചുവരുന്ന പ്രമോഷൻ ഉൾപ്പെടെ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.