തിരുവനന്തപുരം> കേരളത്തിലെ രണ്ട് ന്യൂനപക്ഷ വിഭാഗത്തിനിടയിൽ പരസ്പര വൈരാഗ്യം വളർത്താനുള്ള പ്രവർത്തനങ്ങൾ ആർഎസ്എസിന്റെ അജൻഡയാണെന്ന് സിപിഐ എം പിബി അംഗം എം എ ബേബി. ഓരോ സമയത്ത് ഓരോ തരത്തിലാണ് അത് ചെയ്യുന്നത്. ഇപ്പോഴതിന് പി സി ജോർജിനെയാണ് തുറന്നുവിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് അക്കാദമിയിൽ കെഎസ്കെടിയു സംസ്ഥാന പഠനക്യാമ്പിൽ സമകാലിക രാഷ്ട്രീയ സ്ഥിതിഗതികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലറുടെ അജൻഡയാണ് നടപ്പാക്കേണ്ടതെന്ന നിലപാടാണ് ആർഎസ്എസിനുള്ളത്. പക്ഷേ, അങ്ങനെ അല്ല അത് നടപ്പാക്കുന്നത്. വിവേകാനന്ദന്റെ പേരിലാണ് ആർഎസ്എസിന്റെ പഠനകേന്ദ്രം പ്രവർത്തിക്കുന്നത്. ഭരണഘടന നിലനിൽക്കുമ്പോൾത്തന്നെ ഭരണഘടന ലംഘിക്കുന്നു. ഒരു കുറ്റം ഒരു മതത്തിൽപ്പെട്ടയാൾ ചെയ്താൽ സിവിൽ കേസാണ്. വേറൊരു മതത്തിൽപ്പെട്ടവർ ചെയ്താൽ ക്രിമിനൽ കേസാണ്. സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നിൽ കേന്ദ്രത്തിന്റെ വർഗീയ അജൻഡയാണ്. ഇപ്പോഴും ആർഎസ്എസിനു പിന്നിൽ അണിനിരന്നിട്ടില്ലാത്ത നിഷ്കളങ്കരായ ഹിന്ദുക്കളെ വർഗീയവാദികളാക്കാനുള്ള പദ്ധതികളാണ് ഇത്. ദേശീയ രാഷ്ട്രീയത്തിൽ ഈ അജൻഡ മുന്നോട്ടുപോകുകയാണ്. അതിന്റെ ഭാഗമാണ് ക്ഷേത്രനിർമാണത്തിന് തറക്കല്ലിടാൻ പ്രസിഡന്റും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോകുന്നത്.
ഭയപ്പെടുത്തിയും വിലയ്ക്ക് വാങ്ങിയും മാധ്യമങ്ങളെ മുഴുവൻ കീഴടക്കിയിരിക്കുകയാണ്. മതേതര ജനാധിപത്യ നിലപാട് എടുത്തുപോരുന്ന എൻഡിടിവിയുടെ 29 ശതമാനം ഓഹരി അദാനി വാങ്ങുകയാണ്. പ്രണോയ് റോയിക്കും കുടുംബത്തിനും പുറത്തുള്ള ഓഹരിയാണ് വാങ്ങുന്നത്. ഈ നിലയിൽ മാധ്യമങ്ങളെ കീഴ്പ്പെടുത്തുകയാണ്. രാജ്യത്ത് ചർച്ച, ആഖ്യാനം, ആശയാവതരണങ്ങൾ മുഴുവൻ നരേന്ദ്ര മോദിയുടേതായി മാറുകയാണെന്നും ബേബി പറഞ്ഞു.