ന്യൂഡൽഹി> കണ്ണൂർ ചരിത്ര കോൺഗ്രസിൽ നടന്നുവെന്ന് അവകാശപ്പെടുന്ന കൈയേറ്റത്തിൽ തുടർച്ചയായ രണ്ടാം ദിനവും വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെയും ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെയും ഗവർണറുടെ അധിക്ഷേപം. കൈയേറ്റ ശ്രമത്തിന് പിന്നിലുള്ള ഗൂഢാലോചനയിൽ വിസിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണം ആവർത്തിച്ച ഗവർണർ യോഗസ്ഥലത്തുണ്ടായിരുന്ന സ്ത്രീ തന്നെ അസഭ്യം പറഞ്ഞുവെന്ന പുതിയ വാദവും ഉന്നയിച്ചിട്ടുണ്ട്.
തന്നെ ആക്രമിച്ചതിനുള്ള പ്രത്യുപകാരമായിട്ടാണ് വിസിക്ക് വീണ്ടും പുനർനിയമനം നൽകിയത്. സർവകാലാശാല നിയമ ഭേദഗതി വേണ്ടപ്പെട്ടവരുടെ ബന്ധുക്കളെ നിയമിക്കാനാണെന്നും ഗവർണർ അവകാശപ്പെട്ടു.വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ കത്തുലഭിച്ചിട്ടുണ്ട്. എന്നാൽ ഒപ്പിടില്ലന്ന മുൻ നിലപാട് മയപ്പെടുത്തിയ ഗവർണർ, ബിൽ ആദ്യം കാണട്ടെയെന്നും ഓരോ കാര്യങ്ങളും പരിശോധിക്കുമെന്നും ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചു മാത്രമേ ഒപ്പിടുവെന്നും പുതിയ നിലപാടെടുത്തു. അലിഗഡ് മുസ്ലീം സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗലാന ആസാദിനെ ഉദ്ധരിച്ചപ്പോൾ ഇർഫാൻ ഹബീബിന് പ്രതിഷേധിക്കാൻ ധൈര്യമുണ്ടായില്ലന്നും ഗവർണർ പറഞ്ഞു.
കേരളത്തിൽ എന്തു പ്രതിഷേധത്തിനും വേദിയൊരുക്കുന്ന പ്രത്യോശാസ്ത്ര പിൻബലമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഇർഫാൻ ഹബീബിനും സംഘത്തിനും കേരളത്തിൽ സ്വൈര്യവിഹാരം നടത്താമെന്നും സർക്കാർ ഒരു നടപടിയും എടുക്കില്ലന്ന ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിയിലായിരുന്നെങ്കിൽ യോഗി സർക്കാർ നേരിടുന്നത് എങ്ങനെയാണെന്ന് അവർക്കറിയാം. അതാണ് പ്രതിഷേധിക്കാത്തത്– ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.