കേരളത്തിലെ സർവകലാശാലകളിൽ ഇടങ്കോലിട്ട് നിരന്തരം പ്രശ്നമുണ്ടാക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ലോകം ആദരിക്കുന്ന ചരിത്രകാരന്മാരെവരെ കടന്നാക്രമിച്ച് പിടിവിട്ട നിലയിലായി. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പാർടി കേഡറാണെന്നും ക്രിമിനലാണെന്നും പറഞ്ഞതിന് പിന്നാലെ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗുണ്ടയാണെന്നാണ് ചൊവ്വാഴ്ച പ്രതികരിച്ചത്.
ഏതാനും ദിവസമായി ഡൽഹിയിൽ തങ്ങുന്ന ഗവർണർ ദിവസവും മാധ്യമപ്രവർത്തകരെ വിളിച്ച് പണ്ഡിതന്മാരെയും അധ്യാപകരെയും അപഹസിക്കുകയാണ്. ആർഎസ്എസിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പ്രതികരണങ്ങൾ എന്നാണ് ഓരോ ദിവസവും വ്യക്തമാകുന്നത്. സംഘപരിവാറിന്റെ കണ്ണിലെ കരടാണ് ഇർഫാൻ ഹബീബ്, റൊമീല ഥാപ്പർ അടക്കമുള്ള ചരിത്രകാര സമൂഹം. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലും സർവകലാശാലകളിലും ശക്തമായി പ്രതികരിക്കുന്ന മതനിരപേക്ഷതയിൽ അടിയുറച്ചു നിൽക്കുന്ന അധ്യാപക–-വിദ്യാർഥി സമൂഹമുണ്ടെന്നതാണ് സംഘപരിവാറിന്റെ പ്രശ്നം.
2019ലെ ചരിത്ര കോൺഗ്രസിന്റെ പേരിലുള്ള ഹാലിളക്കത്തിനു പിന്നിലും ഇർഫാനെയും ഗോപിനാഥിനെയും മോശക്കാരാക്കുകയാണ് ലക്ഷ്യം. ചരിത്രകോൺഗ്രസിൽ പങ്കെടുത്ത ജനങ്ങളാണ് അന്ന് ആരിഫ് മൊഹമ്മദ് ഖാന്റെ നിലപാടിനെതിരെ പ്രതിഷേധിച്ചതും ഇറക്കി വിട്ടതും.
ഓരോ വിഷയത്തിലും അവസരത്തിനൊത്ത് നിലപാട് മാറ്റാൻ മടിയില്ലെന്നും ഗവർണർ തെളിയിച്ചു.
ചാൻസലർ സ്ഥാനം അടക്കം സർവകലാശാലകളിലെ ഏത് അധികാരവും വിട്ടുകൊടുക്കാമെന്ന് നിരന്തരം പറഞ്ഞ ഗവർണർ തന്നെയാണ് ഇപ്പോൾ സർവകലാശാല ബില്ലിൽ ഒപ്പിടില്ലെന്ന് പറയുന്നത്. ചട്ടവിരുദ്ധമായി കേരള സെർച്ച് കമ്മിറ്റി രൂപീകരിച്ചതിൽ തടിയൂരാനാകാത്ത സ്ഥിതിയും ഗവർണറെ കുഴയ്ക്കുന്നു. ബുധൻ വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന ഗവർണർ സർവകലാശാലയിലെ മറ്റ് നടപടി സംബന്ധിച്ച് തീരുമാനിച്ചേക്കും.