മൂലമറ്റം
കോടമഞ്ഞ് വകഞ്ഞുമാറ്റി വരുന്ന കാറ്റേൽക്കാൻ കൊതിക്കുന്നുണ്ടോ? കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളെ കണ്ട് മതിമറന്നു നിൽക്കണോ? എങ്കിൽ അങ്ങനെയൊരു സ്വപ്നഭൂമിയുണ്ട് കോട്ടയം– ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ; ഇലവീഴാപ്പൂഞ്ചിറ. സൗബിൻ ഷാഹിർ നായകനായ ‘ഇലവീഴാപ്പൂഞ്ചിറ’ എന്ന സിനിമയിലൂടെ ഭൂമിക്കും ആകാശത്തിനുമിടയിലെ ഈ ഇടത്താവളം നാടാകെ അറിഞ്ഞു. സിനിമ കണ്ട് സഞ്ചാരികളുടെ കുത്തൊഴുക്കാണിപ്പോൾ. |
സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരത്തിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം. പേരിലെ കൗതുകംപോലെ വിസ്മയക്കാഴ്ചയാണെങ്ങും. ഉദയാസ്തമയങ്ങളുടെ അതി മനോഹാരിത കാണാനെത്തുന്നവരാണേറെയും. ട്രക്കിങ് പ്രിയർക്കും മടുക്കാത്ത ഇടം.
മൂന്നുമലകൾ കോട്ടകെട്ടിയ ഇവിടം ഇടിമിന്നലെന്ന അപകടം ഒളിപ്പിച്ചുവച്ച മൊട്ടക്കുന്നുകൂടിയാണ്. മിന്നലും ഇടിയും ആദ്യമെത്തുന്ന സ്ഥലമായതുകൊണ്ടുതന്നെ സന്ദർശകർക്കു അധികസമയം ചെലവിടുന്നതിനു നിയന്ത്രണമുണ്ട്. കോട്ടയം ജില്ലയിലെ പൊലീസ് വയർലെസ് കൺട്രോൾ കേന്ദ്രമാണ് പൂഞ്ചിറയിൽ പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായതിനാലാണ് വയർലെസ് സ്റ്റേഷൻ ഇവിടെ സ്ഥാപിച്ചത്. സിനിമയിലെ വയർലസ് സ്റ്റേഷനല്ല യഥാർഥ പൊലീസ് ഔട്ട്പോസ്റ്റ്. എന്നാൽ ട്രെയിൻ ബോഗിപോലുള്ള ‘റീൽ’ സ്റ്റേഷൻ സിനിമാക്കാർ സെറ്റിട്ടതും അല്ല. ഫിഷറീസ് വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചിരുന്ന പഴയ ഓഫീസാണു വയർലസ് സ്റ്റേഷനാക്കിയത്. ഇപ്പോൾ ഇവിടെ ഫിഷറീസ് ഓഫിസ് പ്രവർത്തനമില്ല. കരിങ്കല്ലുകൊണ്ടു പണിത പുതിയ കെട്ടിടത്തിലാണ് വയർലസ് സ്റ്റേഷൻ. ഇടിമിന്നലിൽനിന്നു രക്ഷപ്പെടാൻ ത്രിതല സുരക്ഷാ സംവിധാനം പാലിച്ചാണു കെട്ടിടം നിർമാണം.
മഴക്കാലത്ത് മാത്രം ഇവിടെ രൂപപ്പെടുന്ന തടാകത്തിൽ ഇലകൾ വീഴില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണത്രേ ഇലവീഴാപൂഞ്ചിറ എന്ന് പേരു ലഭിച്ചത്. വന്നവർ പിന്നെ മറക്കില്ലെന്നുറപ്പ്; കോടമഞ്ഞിന്റെ കുളിരും ഇടയ്ക്കിടെ വിരുന്നെത്തുന്ന നൂൽമഴയും.