തിരുവനന്തപുരം> ചെറുകഥാകൃത്തും എഴുത്തുകാരനുമായ എസ് വി വേണുഗോപന്നായര് അന്തരിച്ചു. പുലര്ച്ചെ ഒന്നരയ്ക്ക് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നാടകകൃത്ത്, പ്രഭാഷകന്, സംഘടകന് എന്നീ നിലകളിലൊക്കെ പ്രശസ്തനായ വേണുഗോപന്നായരെ മലയാള ചെറുകഥയിലെ ആഖ്യാന പരീക്ഷണങ്ങളുടെ ഉടമയായി പ്രമുഖ നിരൂപകര് വിശേഷിപ്പിച്ചു.
1945 ഏപ്രില് 18-ന് നെയ്യാറ്റിന്കര താലൂക്കിലെ കാരോടു ദേശത്ത് ജനിച്ചു. അച്ഛന് പി സദാശിവന് തമ്പി. അമ്മ ജെ വി വിശാലാക്ഷിയമ്മ.
കുളത്തൂര് (നെയ്യാറ്റിന്കര) ഹൈസ്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുമായിരുന്നു വിദ്യാഭ്യാസം. മലയാള സാഹിത്യത്തില് എം എ, എം. ഫില്, പിഎച്ച്ഡി ബിരുദങ്ങള് നേടി. 1965 മുതല് കോളജ് അദ്ധ്യാപകനായി ജോലി ചെയ്യാന് തുടങ്ങി. നാഗര്കോവില് സ്കോട്ട് ക്രിസ്റ്റിയന് കോളജിലും മഞ്ചേരി, നിലമേല്, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്ത്തല എന് എസ് എസ് എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു . വത്സലയാണ് ഭാര്യ. ശ്രീവല്സന്, ഹരിഗോപന്, നിശഗോപന് എന്നിവരാണ് മക്കള്
ആദിശേഷന്,ഗര്ഭശ്രീമാന്,മൃതിതാളം,രേഖയില്ലാത്ത ഒരാള്,തിക്തം തീക്ഷ്ണം തിമിരം,ഭൂമിപുത്രന്റെ വഴി,ഒറ്റപ്പാലം,കഥകളതിസാദരം,എന്റെ പരദൈവങ്ങള് എന്നിവയാണ് കഥാസമാഹാരങ്ങള്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, , ഇടശേരി അവാര്ഡ്, സി വി സാഹിത്യ പുരസ്കാരം, പത്മരാജന് പുരസ്കാരം, ലളിതാംബിക അന്തര്ജനം ജന്മശതാബ്ദി പുരസ്കാരം , ഡോ കെ എം ജോര്ജ് ട്രസ്റ്റ് ഗവേഷണ പുരസ്കാരം എന്നിവ ലഭിച്ചു. യുഎസിലുള്ള മകന് എത്തിച്ചേര്ന്ന ശേഷം വ്യാഴാഴ്ചയാണ് സംസ്കാരം