തിരുവനന്തപുരം
സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഘടന പുതുക്കുന്നത് അടക്കമുള്ള ഭേദഗതികളാണ് ബിൽ മുന്നോട്ടുവയ്ക്കുന്നത്. കേരള, കലിക്കറ്റ്, എംജി, കണ്ണൂർ, കാലടി സംസ്കൃത സർവകലാശാലകളുടെ നിയമത്തിലാകും നിർദിഷ്ട ഭേദഗതികൾ. വിസി നിയമന അപേക്ഷ പരിശോധിച്ച്, മൂന്നംഗ പട്ടികക്ക് പകരം അഞ്ചംഗ സെർച്ച് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതാണ് പ്രധാന ഭേദഗതി നിർദേശം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സമിതി കൺവീനറാകും. നിലവിൽ കൺവീനറെ നിശ്ചയിക്കുന്നത് ചാൻസലറാണ്. ഗവർണർ, യുജിസി, സംസ്ഥാന സർക്കാർ, ബന്ധപ്പെട്ട സർവകലാശാല സിൻഡിക്കറ്റ് എന്നിവയുടെ പ്രതിനിധികളും അംഗങ്ങളാകും. സെർച്ച് കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ മൂന്നുപേരുടെ പട്ടിക ചാൻസലർക്ക് കൈമാറണം. അവശ്യഘട്ടങ്ങളിൽ സമിതി കാലാവധി ഒരുമാസംകൂടി നീട്ടാം. ചാൻസലർ 30 ദിവസത്തിനുള്ളിൽ വിസി നിയമനം നടത്തണം. വിസിയുടെ പ്രായപരിധി 65 ആക്കുന്ന ഭേദഗതി നിർദേശവും ബില്ലിലുണ്ട്.
ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയെയും ലോകായുക്തയായി നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള ലോകായുക്ത ഭേദഗതി ബില്ലും സഭയിൽ അവതരിപ്പിക്കും. നിലവിലെ വ്യവസ്ഥയിൽ സുപ്രീംകോടതി ജഡ്ജിയായോ, ഹൈക്കോടതി ചീഫ് ജസ്റ്റിസായോ വിരമിച്ചവരെയാണ് നിയമിക്കുക. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും സേവന പ്രായപരിധി എഴുപത് വയസ്സായി നിജപ്പെടുത്തുന്നു. ലോകായുക്തയുടെ ഒഴിവിൽ, മുതിർന്ന ഉപലോകായുക്തയെ ചുമതലകൾ നിർവഹിക്കാൻ അധികാരപ്പെടുത്താമെന്നും വ്യവസ്ഥയുണ്ട്. ലോകായുക്തയുടെ അവധിയിലും ഇത് സാധ്യമാകും. ലോകായുക്താ റിപ്പോർട്ട് ഗവർണർക്കോ, മുഖ്യമന്ത്രിക്കോ, സംസ്ഥാന സർക്കാരിനോ സ്വീകരിക്കാനും നിരാകരിക്കാനുമുള്ള അധികാരവും ബില്ലിലുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആറുവീതം ബില്ലുകളാണ് സഭയിൽ അവതരിപ്പിക്കുക.
ബില്ല് എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്
ലോകായുക്ത, സർവകലാശാലാ നിയമഭേദഗതി ബില്ലുകളെ നിയമസഭയിൽ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും തകർക്കാർ സർക്കാരിന്റെ ഇഷ്ടക്കാരെ വിസിമാരാക്കാനാണ് ശ്രമിക്കുന്നത്. സർക്കാരും ഗവർണറുമായുള്ള പോരിൽ കക്ഷിചേരില്ല. വിസിയെ ക്രിമിനലെന്ന് ഗവർണർ വിളിക്കുന്നതിനോട് യോജിപ്പില്ല. പക്ഷേ, ഈ വിസിയുടെ നിയമനം ക്രമരഹിതമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.