തിരുവനന്തപുരം
മാനേജ്മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ഇലക്ട്രിസിറ്റി ബോർഡിലെ കരാർ തൊഴിലാളികളുടെ ഉജ്വല പ്രതിഷേധം. ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിൽ രണ്ടായിരത്തോളം തൊഴിലാളികൾ അണിനിരന്നു.
1995ൽ ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ ബോർഡും തൊഴിലാളി സംഘടനകളുമായി ഒപ്പുവച്ച കരാർ പൂർണമായും നടപ്പാക്കുക, കരാർ തൊഴിലാളികളുടെ പട്ടിക ഡിവിഷൻതലത്തിൽ പ്രസിദ്ധീകരിച്ച് ഐഡി കാർഡ് നൽകുക, സ്മാർട്ട് മീറ്റർ നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കുക, കരാർ മീറ്റർ റീഡർമാരുടെ വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കുക, സ്ഥിരം മീറ്റർ റീഡർമാരുടേതിന് ആനുപാതികമായി കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്, കെ എസ് സുനിൽകുമാർ, പി സജി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി ജയൻബാബു, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി വി വിജയൻ, സെക്രട്ടറി കെ സി സിബു, ട്രഷറർ എം ബി ജോർജ്, അസി. സെക്രട്ടറി എസ് സുദർശനൻ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്കുമാർ, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എ എസ് സാജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി ചർച്ച നടത്തി.