തിരുവനന്തപുരം
കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചന നൽകി ശശി തരൂർ എംപി. ബിജെപിക്കും ആം ആദ്മിക്കും പുറമെ തനിക്കു പോകാൻ മറ്റു വഴികൾ ഉണ്ടെന്ന് ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ തരൂർ വ്യക്തമാക്കി. കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർടികൾ രാജ്യത്തുണ്ട്. നിരവധി പാർടികളിൽനിന്ന് വിളി വരുന്നുണ്ട്. ഇപ്പോൾ കോൺഗ്രസിൽ തുടരാനാണ് തീരുമാനം. ബിജെപി രാഷ്ട്രീയത്തോട് താൽപ്പര്യമില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് തന്നാൽ മത്സരിക്കും. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രമം നടത്തിക്കൂടെ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കാര്യക്ഷമതയും കാര്യഗൗരവവുമുള്ള വ്യക്തിയാണെന്നും വലിയ ബഹുമാനമുണ്ടെന്നും അഭിമുഖത്തിൽ തരൂർ പറഞ്ഞു. പിണറായിയുമായി ഇടപെട്ട പ്രശ്നങ്ങളെല്ലാം അദ്ദേഹം വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം വാക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് പാലിച്ചിരിക്കും.
കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ വിമത വിഭാഗം ജി 23 ലെ അംഗമെന്ന നിലയിൽ തരൂരിന്റെ നിലപാടിന് രാഷ്ട്രീയമാനങ്ങളേറെയാണ്. ജി 23 അംഗങ്ങളായ ആനന്ദ് ശർമയും ഗുലാം നബി ആസാദും കോൺഗ്രസിലെ സ്ഥാനങ്ങൾ രാജിവയ്ക്കുകയും മറ്റൊരു അംഗമായിരുന്ന കപിൽ സിബൽ സമാജ്വാദി പാർടിയിലേക്ക് മാറിയതിനും പിന്നാലെയാണ് തരൂരിന്റെ നിലപാടെന്നതും ശ്രദ്ധേയം.