മട്ടന്നൂർ
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയെന്ന നുണയ്ക്ക് എരിവ് പകരാൻ സിപിഐ എം വൻഭൂരിപക്ഷത്തിന് ജയിച്ച എടവേലിക്കൽ വാർഡിൽ തോറ്റുവെന്നും കഥ. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയുടെ വാർഡിലും സിപിഐ എം തോറ്റുവെന്ന് നവമാധ്യമങ്ങളിലൂടെ പടച്ചുവിട്ട നുണ ഏറ്റുപിടിച്ച് നാണംകെട്ടത് കോൺഗ്രസ് നേതാക്കളായ പത്മജ വേണുഗോപാലും അനിൽ അക്കരയും. ‘ചുവപ്പുകോട്ടകൾ തകർത്ത് ശൈലജയുടെ വാർഡും യുഡിഎഫ് പിടിച്ചെടുത്തു’വെന്നാണ് പത്മജ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ‘എന്റെ ദുഃഖത്തിൽ പങ്കുചേർന്ന ടീച്ചർ’ എന്ന് അനിൽ അക്കരയുടെ പരിഹാസം. ചില ചാനലുകളും ഇതേറ്റുപിടിച്ചു. എന്നാൽ, ഇവരുടെ അവകാശവാദങ്ങൾക്കും പരിഹാസത്തിനും നിമിഷങ്ങളുടെ ആയുസ്സുപോലുമുണ്ടായില്ല.
എടവേലിക്കൽ വാർഡിൽ എൽഡിഎഫ് ജയിച്ചത് നഗരസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ്. പോൾ ചെയ്ത 780 വോട്ടിൽ 661 ഉം(84.74 ശതമാനം) നേടിയാണ് സിപിഐ എമ്മിലെ കെ രജത വിജയിച്ചത്. ഭൂരിപക്ഷം 580 വോട്ട്. കോൺഗ്രസ് സ്ഥാനാർഥി ടി വി രത്നാവതിക്ക് കിട്ടിയത് 81 വോട്ടുമാത്രം. നുണ പൊളിഞ്ഞതോടെ പലരും പോസ്റ്റ് പിൻവലിച്ച് തടിതപ്പി.