തിരുവനന്തപുരം > പേവിഷബാധയ്ക്കെതിരായ 26,000 വയൽ ആന്റി റാബിസ് വാക്സിൻ (ഐഡിആർവി) സംസ്ഥാനത്ത് എത്തിച്ചു. കേന്ദ്ര മരുന്നുപരിശോധനാ ലാബിന്റെ (സിഡിഎൽ) പരിശോധന സർട്ടിഫിക്കറ്റ് ലഭിച്ച വാക്സിനാണ് ഇത്. പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ എത്തിക്കും. 50,500 വയൽ മരുന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് അനുമതി നൽകിയിരുന്നു.
നായ–-പൂച്ചകളിൽനിന്ന് കടിയേറ്റ് ആന്റി റാബിസ് വാക്സിൻ എടുക്കുന്നവരിൽ വലിയ വർധനയുള്ള സാഹചര്യത്തിലാണ് അധിക വാക്സിൻ ശേഖരം. ഇവ വിവിധ ആശുപത്രികളിലേക്ക് വിതരണംചെയ്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻസ് ബയോ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഇക്വിന ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനാണ് വർഷങ്ങളായി കേരളം വാങ്ങുന്നത്.