മംഗളൂരു> ഹോട്ടലിൽ വിളിച്ചുവരുത്തി സ്ത്രീയുടെകൂടെ നഗ്നദൃശ്യങ്ങൾ പകർത്തി കർണാടകത്തിലെ ആർഎസ്എസ് നേതാവിൽനിന്ന് 50 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ദക്ഷിണ കന്നഡ സ്വദേശിയും ആർഎസ്എസ് നേതാവുമായ നിഡ്ഡോടി ജഗന്നാഥഷെട്ടിക്കാണ് പണം നഷ്ടപ്പെട്ടത്.
ജഗന്നാഥഷെട്ടിയുമായി സൗഹൃദം സ്ഥാപിച്ച സൽമ ബാനു ഫെബ്രുവരി 26ന് ഇയാളെ മൈസൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു. ഹോട്ടൽ മുറിയിൽ സൽമക്കൊപ്പമുണ്ടായിരുന്ന സംഘം ഷെട്ടിയെ മറ്റൊരു സ്ത്രീയോടൊപ്പംനിർത്തി നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ നാലുകോടി ആവശ്യപ്പെട്ടു. അമ്പതുലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കി ഷെട്ടി രക്ഷപ്പെട്ടു.
എന്നാൽ, സംഘം പിന്നീടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. മറ്റു മാർഗമില്ലാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ‘ശ്രീനിധി’ സ്വർണക്കടയുടമയായ ജഗന്നാഥ ഷെട്ടി ഉന്നത സ്വാധീനമുള്ള ആർഎസ്എസ്സുകാരനാണ്. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി.