പുത്തൂർ> ചോചേരിക്കുന്ന് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ആക്ടീവ സ്കൂട്ടറിൽ നിന്ന് വീണ രണ്ട് പേർ കാറിടിച്ച് മരിച്ചു. കാച്ചേരി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന വല്ലനാറ്റിങ്കര രാജന്റെ മകൻ വിനോജ് (36), പുത്തൂർ കോക്കാത്ത് വടക്കൻ വീട്ടിൽ സണ്ണിയുടെ മകൻ ബാബു (47) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച് വൈകിട്ടാണ് അപകടം.
ചോച്ചേരിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിലെക്ക് പോകുന്ന വഴിയിലെ കുത്തനെയുള്ള ഇറക്കത്തിലൂടെ വരുന്നതിനിടെ ആക്ടിവ സ്കൂട്ടർ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് റോഡിൽ നിന്നും ആഴത്തിലുള്ള പുത്തൂർ പൊന്നുക്കര റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം പൊന്നുക്കരയിൽ നിന്നും പുത്തൂർ ഭാഗത്തേക്ക് വരുകയായിരുന്ന കാറിൽ തട്ടിയും മുകളിൽ നിന്നുള്ള വീഴ്ചയിലും ഇരുവർക്കും ഗുരുതര പരിക്കേറ്റു.
നാട്ടുകാർ തൃശൂർ ജൂബിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബാബു ശക്തൻ തമ്പുരാൻ മാർക്കറ്റിലെ ബിഎംഎസ് ചുമട്ട് തൊഴിലാളിയാണ്. ബാബുവിന്റെ അമ്മ സിസിലി. ഭാര്യ: ജീജി. വിനോജന്റെ ഭാര്യ: അമുതം.