ന്യൂഡൽഹി> ഹിമാചൽ പ്രദേശ് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുതിർന്ന നേതാവ് ആനന്ദ് ശർമ രാജിവച്ചു. മറ്റൊരു മുതിർന്ന നേതാവായ ഗുലാം നബി ആസാദ്, ജമ്മു കശ്മീർ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ സ്ഥാനം സ്വീകരിക്കാൻ തയ്യാറാകാത്തതിന് തൊട്ടുപിന്നാലെയാണ് ശർമയുടെ നീക്കം.
ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കുള്ള കത്തിൽ ആനന്ദ് ശർമ വ്യക്തമാക്കി. കോൺഗ്രസിൽ സമൂലപരിഷ്കരണം ആവശ്യപ്പെടുന്ന ജി 23 നേതാക്കളിൽ പ്രമുഖരാണ് ആസാദും ശർമയും.