കോലഞ്ചേരി
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡല്‍ഹി, ബംഗളൂരു മുന്‍ ഭദ്രാസനാധിപൻ പത്രോസ് മോര് ഒസ്താത്തിയോസ് മെത്രാപോലീത്ത (59) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയിലാണ് അന്ത്യം. ഖബറടക്കം ഞായർ 3.30ന് മുളന്തുരുത്തിയിലെ ഉദയഗിരി വെട്ടിക്കല്‍ എംഒഎസ്ടി സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലില്‍.
തൃശൂര്‍ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് യാക്കോബായ പഴയപള്ളി ഇടവകാംഗമാണ്. പുലിക്കോട്ടില്‍ പരേതനായ പി സി ചാക്കോയുടെയും ശലോമിയുടെയും മകനാണ്. സ്കൂള്‍, കോളേജ് വിദ്യാഭ്യാസം കോയമ്പത്തൂരിലായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎയും വെട്ടിക്കല്‍ എംഎസ്ഒടി സെമിനാരിയില്‍നിന്ന് തിയോളജിയിൽ ബിരുദവും കൊല്‍ക്കത്ത ബിഷപ്സ് കോളേജില്‍നിന്ന് ബിഡിയും ബാംഗ്ലൂര്‍ ധര്‍മരം വിദ്യാക്ഷേത്രത്തില്‍നിന്ന് മാസ്റ്റര്‍ ഓഫ് തിയോളജിയും പാസായി. കോയമ്പത്തൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ അംഗത്വം സ്വീകരിച്ചു.
വെട്ടിക്കല്‍ വൈദിക സെമിനാരിയില്‍ താമസിച്ചിരുന്ന ബാഹ്യകേരള മെത്രാപോലീത്ത, അന്തരിച്ച മോര് തെയോഫിലോസ് തോമസ് മെത്രാപോലീത്തായുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1993 ഡിസംബര്‍ 19ന് കോറൂയോ പട്ടവും 1995 ആഗസ്ത് ആറിന് കശ്ശീശാ പട്ടവും സ്വീകരിച്ചു. 2006 ജൂലൈ മൂന്നിന് വടക്കന്‍ പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍വച്ച് കാതോലിക്ക മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, മോര് ഒസ്താത്തിയോസ് പത്രോസ് എന്ന പേരിൽ മെത്രാപോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തി. പത്രോസ് മോര് ഒസ്താത്തിയോസിന്റെ മരണത്തിൽ സഭയുടെ പരമാധ്യക്ഷന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അനുശോചിച്ചു.