കൊച്ചി
യുഡിഎഫ് ഭരണകാലത്ത് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലും (കുസാറ്റ്) കാലടി സംസ്കൃത സർവകലാശാലയിലും നടന്നത് നിരവധി അനധികൃത നിയമനങ്ങൾ. കുസാറ്റിന്റെ കീഴിൽ പുളിങ്കുന്നിലുള്ള സ്വാശ്രയ എൻജിനിയറിങ് കോളേജിൽ അധ്യാപകനായിരുന്ന എ മുജീബിനെ മെയിൻ ക്യാമ്പസിലുള്ള ഫോട്ടോണിക്സ് ഡിപ്പാർട്ട്മെന്റിലെ അവധി ഒഴിവിന്റെ മറവിൽ അസിസ്റ്റന്റ് പ്രൊഫസറായി അനധികൃതമായി നിയമിച്ചു. പലതവണ യുഡിഎഫ് നോമിനിയായി കുസാറ്റ് സിൻഡിക്കറ്റ് അംഗമായിരുന്നു മുജീബ്.
2014–-15ൽ പട്ടികജാതി സംവരണം അട്ടിമറിച്ച് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ രാജസ്ഥാൻകാരനെ നിയമിച്ചതും യുഡിഎഫിന്റെ കാലത്താണ്. പട്ടികജാതി ക്ഷേമസമിതി അടക്കമുള്ളവർ പ്രതിഷേധിച്ചിരുന്നു. പിന്നീട് കോടതി ഇടപെട്ട് ആ നിയമനം റദ്ദാക്കി.
കാലടി സർവകലാശാലയിൽ ഡോ. കെ എസ് രാധാകൃഷ്ണൻ വൈസ് ചാൻസലറായിരുന്നപ്പോൾ മുപ്പതിലധികം പാർട്ടൈം ക്ലാസ്ഫോർ ജീവനക്കാരെ അനധികൃതമായി സ്ഥിരമാക്കി. കൂടുതൽ മാർക്ക് കിട്ടിയവരെ ഒഴിവാക്കിയാണ് നിയമനം നടത്തിയത്. എൽഡി ടൈപ്പിസ്റ്റ്, ലൈബ്രറി അസിസ്റ്റന്റ് തസ്തികകളിലും ഇത്തരം നിയമനങ്ങൾ ധാരാളം നടന്നു.
ഫിലോസഫി ഡിപ്പാർട്ട്മെന്റിൽ അധ്യാപകനിയമനവും അനധികൃതമായി നടന്നു. സാമ്പത്തികശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, വിദ്യാഭ്യാസം തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിലെ തസ്തികകൾ വെട്ടിക്കുറച്ച് ഫിലോസഫി ഡിപ്പാർട്ട്മെന്റിന് നൽകി നിയമനം നടത്തി. അതേത്തുടർന്ന് ഫിലോസഫി വിഭാഗത്തിൽമാത്രം 11 അധ്യാപകരാണുള്ളത്. അതിനനുസരിച്ച് വിദ്യാർഥികൾ അന്ന് ഡിപ്പാർട്ട്മെന്റിലില്ലായിരുന്നു.