തിരുവനന്തപുരം
കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമന ആരോപണങ്ങൾ അടിക്കടി മാറ്റിപ്പറഞ്ഞ് സേവ് സർവകലാശാല ഫോറവും മാധ്യമങ്ങളും. ഉന്നയിച്ചവയുടെ കള്ളി വെളിച്ചത്താകുമ്പോഴാണ് രാഷ്ട്രീയ താൽപ്പര്യത്തോടെ അടുത്തതുമായിറങ്ങുന്നത്.
പ്രിയ വർഗീസിന് അപേക്ഷിക്കാൻ യോഗ്യതയില്ല എന്നായിരുന്നു ആദ്യം വാദം. സർവകലാശാല നിയമോപദേശക സംഘവും തെളിവ് നിരത്തി ഇത് പൊളിച്ചു. ഉടനെ വേണ്ടത്ര പ്രവൃത്തി പരിചയമില്ല എന്നായി. യുജിസി ചട്ടപ്രകാരം അവധിയെടുക്കാതെയുള്ള ഡെപ്യൂട്ടേഷൻ അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്ന് തെളിഞ്ഞു. ഇതോടെ കൂടുതൽ യോഗ്യതയുള്ള ആളെ തഴഞ്ഞു എന്ന ബാലിശമായ വാദവുമായെത്തി. പട്ടിക തയ്യാറായാൽ അഭിമുഖത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിലേ നിയമനം നൽകൂ എന്ന് അറിയാത്തവരല്ല ഈ പ്രചാരണത്തിനു പിന്നിൽ. അവകാശവാദം ഉന്നയിക്കുന്നയാൾ പ്രസിദ്ധീകരണങ്ങളെയും യോഗ്യതയെയും മറ്റും കുറിച്ച് സ്വയം പറയുന്നതല്ലാതെ സർവകലാശാലയോ മറ്റേതെങ്കിലും അക്കാദമിക് സമിതിയോ അംഗീകരിച്ചതല്ല. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം എന്നറിയാവുന്നതുകൊണ്ടാണ് ഈ വ്യക്തി അന്ന് കോടതിയിൽ പോകാത്തതും. എന്നാൽ, സർവകലാശാലയ്ക്കെതിരെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് ഇവരെല്ലാം രംഗത്തെത്തിയത്.