കോട്ടയം
സമൂഹത്തിനൊരു സന്ദേശം പകരുകയാണ് മുട്ടമ്പലത്തെ അങ്കണവാടി. കോട്ടയത്ത് പുതുതായി ചുമതലയേറ്റ പൊലീസ് മേധാവിയുടെ മകൻ മോഹിത് വിഹാനും കളിചിരികളുമായി അങ്കണവാടിയിലുണ്ട്. ഉന്നതരുടെ മക്കൾക്ക് പോകാൻ കേരളത്തിൽ പ്ലേ സ്കൂളുകൾക്ക് പഞ്ഞമില്ല. പക്ഷേ അങ്കണവാടികളുടെ മികവ് മറ്റൊന്നിനുമുണ്ടാകില്ലല്ലോ. ഇത് തിരിച്ചറിഞ്ഞാണ് തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിയായ പൊലീസ് മേധാവി കെ കാർത്തിക് തീരുമാനമെടുത്തത്.
മകനെ രണ്ടാംവയസിൽ ആദ്യം ആലുവയിലെ അങ്കണവാടിയിൽ ചേർത്തു. അവിടെ റൂറൽ എസ്പി ആയിരുന്നപ്പോഴാണിത്. കോട്ടയത്ത് വന്നപ്പോൾ മകനെ മുട്ടമ്പലം ഗവ. യുപി സ്കൂളിനോടുചേർന്ന “നന്ദനം’ അങ്കണവാടിയിൽ ചേർത്തു. സ്വകാര്യസംരംഭക കൂടിയായ ഭാര്യ എം ശിവശങ്കരിയും അങ്കണവാടി വിദ്യാഭ്യാസത്തിൽ സന്തുഷ്ടയാണ്. ഉച്ചയാകുമ്പോൾ ശിവശങ്കരി എത്തി മോഹിതിനെ കൂട്ടിക്കൊണ്ടുപോകും. “ഇവിടത്തെ പരിചരണവും പഠനരീതിയുമെല്ലാം മികച്ചത്. വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം. കേരളത്തിലെ വിദ്യാഭ്യാസരീതിയുടെ മികവ് നന്നായറിയം’ –- ചെന്നൈ സ്വദേശിനിയായ ശിവശങ്കരി പറയുന്നു.
അങ്കണവാടിയിൽ മോഹിത് എത്തിയിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. അവിടത്തെ കൂട്ടുകാർക്കൊപ്പം കളിച്ചും, പാലും മുട്ടയും കുറുക്കും കഴിച്ചും അവൻ സ്നേഹത്തണൽ അനുഭവിച്ചറിയുന്നു. ഉച്ചയ്ക്ക് കഞ്ഞിയും പയറും കഴിച്ചാണ് മടക്കം. മോഹിതിന് കൂട്ടുകാരുമായി നല്ല അടുപ്പമാണെന്ന് വർക്കർ ദീപ വിശ്വനാഥനും ഹെൽപർ എൻ ഐ പൊന്നമ്മയും പറയുന്നു.