ന്യൂഡൽഹി
ലഖിംപുർഖേരിയിൽ കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയെ പുറത്താക്കാനാവശ്യപ്പെട്ടുള്ള കർഷകധർണ മൂന്നാം ദിവസത്തിലേക്ക് കടന്നു.
സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകരാണ് 75 മണിക്കൂർ ധർണയിൽ പങ്കെടുക്കുന്നത്.
വാഹനം ഓടിച്ചുകയറ്റിയ കേന്ദ്രമന്ത്രിപുത്രന് ആഷിശ് മിശ്രയെ ജയിലിൽ അടയ്ക്കുക, യുപി പൊലീസ് ജയിലിൽ അടച്ച നാല് കർഷകരെ വിട്ടയക്കുക എന്നീ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവയ്ക്കുന്നു. രാകേഷ് ടിക്കായത്ത്, ദർശൻ പാൽ തുടങ്ങിയ കർഷകനേതാക്കൾ ധർണയെ അഭിസംബോധനചെയ്തു. കേന്ദ്രമന്ത്രിയെ പുറത്താക്കുംവരെ കർഷകർ പ്രക്ഷോഭം തുടരുമെന്ന് ടിക്കായത്ത് പറഞ്ഞു. ദീർഘമായ പോരാട്ടത്തിന് കർഷകർ സജ്ജമാണ്.
കാർഷിക നിയമങ്ങൾ പിൻവലിച്ചതല്ലാതെ മറ്റ് ഉറപ്പുകൾ മോദി സർക്കാർ പാലിച്ചിട്ടില്ല. യുപിയിലെ ബിജെപി സർക്കാർ കർഷകഭൂമി തട്ടിയെടുക്കുകയാണ്. ഒറ്റക്കെട്ടായി ഇതിനെ ചെറുക്കും–- ടിക്കായത്ത് പറഞ്ഞു. ജയിലിൽ കഴിയുന്ന കർഷകരെ നേതാക്കൾ സന്ദർശിച്ചു.